പൊതുവേദിയിൽ സിദ്ധരാമയ്യക്കെതിരെ വിമർശനം; ബി.കെ ഹരിപ്രസാദിന് കാരണം കാണിക്കൽ നോട്ടീസ്
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരസ്യമായി വിമർശിച്ചതിന് പിന്നാലെ മുതിർന്ന നേതാവ് ബി.കെ. ഹരിപ്രസാദിന് കാരണം കാണിക്കൽ നോട്ടീസയച്ച് കോൺഗ്രസ്. അടുത്തിടെ ബംഗളൂരുവിൽ നടന്ന സമ്മേളനത്തിൽ ബി.ജെ.പി, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളോടൊപ്പം വേദി പങ്കിട്ടതിനുമുള്ള കാരണം വ്യക്തമാക്കണമെന്നും പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ആക്ഷൻ കമ്മിറ്റി സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
നോട്ടീസ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം നൽകാൻ തയ്യാറാണെന്നുമാണ് ബി.കെ ഹരിപ്രസാദിന്‍റെ പ്രതികരണം.
നിരന്തരമായി തന്നെ ബി.കെ ഹരിപ്രസാദ് വിമർശിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യയാണ് കേന്ദ്ര നേതൃത്വത്തിന് പരാതി സമർരപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന ഒ.ബി.സി സമ്മേളനത്തിവെച്ചായിരുന്നു ഹരിപ്രസാദ് സിദ്ധരാമയ്യക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ദോത്തിക്കൊപ്പം ഹബ് ലോട്ട് വാച്ച് ധരിക്കുന്ന ഒരാളെ സോഷ്യലിസ്റ്റ് എന്ന് വിളിക്കാനാകില്ലെന്നായിരുന്നു ഹരിപ്രസാദിന്‍റെ പരാമർശം.മുൻ ബി.ജെ.പി മന്ത്രിയും മുതിർന്ന നേതാവുമായ കോട്ട ശ്രീനിവാസ് പൂജാരി, വൈ.എസ്.ആർ കോൺഗ്രസ് ജോഗി രമേശ് തുടങ്ങിയവർ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. പേര് വ്യക്തമാക്കാതെയായിരുന്നു ഹരിപ്രസാദിന്‍റെ പരാമർശം.
നേരത്തെയും സിദ്ധരാമയ്യയെ വിമർശിച്ച് ഹരിപ്രസാദ് രംഗത്തെത്തിയിരുന്നു. ഒരു മുഖ്യമന്ത്രിയെ എങ്ങനെയുണ്ടാക്കാമെന്നും ഇല്ലാതാക്കാമെന്നും തനിക്കറിയാമെന്ന ഹരിപ്രസാദിന്‍റെ പരാമർശം വലിയ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

