മഹത്തായ അമേരിക്കൻ ടെക് കമ്പനികളെ ബഹുമാനിക്കണം; വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
text_fieldsപ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: പകരച്ചുങ്ക ഭീഷണി തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ടെക് കമ്പനികൾക്ക് നികുതി ഇളവ് നൽകാത്ത രാജ്യങ്ങൾക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സമൂഹമാധ്യമമായ ട്രൂത്തിലെ കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.
പല രാജ്യങ്ങളും അമേരിക്കൻ ടെക് കമ്പനികളെ വിവേചനപരമായാണ് സമീപിക്കുന്നത്. ഡിജിറ്റൽ നികുതിയടക്കം വിവിധ നികുതി സമ്പ്രദായങ്ങൾ ഇത്തരത്തിൽ അമേരിക്കൻ സാങ്കേതിക വിദ്യയെയും വിവിധ കമ്പനികളെയും ലക്ഷ്യമിട്ട് ആവിഷ്‍കരിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരുവശത്ത് ഇതേ രാജ്യങ്ങൾ ചൈനീസ് ടെക് കമ്പനികൾക്ക് വാതിൽ തുറന്നിടുന്നു. ഈ പ്രവണത അവസാനിക്കണം. വിവേചന പരമായ നയങ്ങൾ തിരുത്താൻ രാജ്യങ്ങൾ തയ്യാറാവണം. അല്ലാത്ത പക്ഷം, ഇത്തരം രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഉയർന്ന പകരച്ചുങ്കം ചുമത്തുമെന്നും ട്രംപ് പറഞ്ഞു.
നികുതി ഇളവ് നൽകാത്ത രാജ്യങ്ങളിലേക്ക് ചിപ്പുകളടക്കം അമേരിക്കൻ സാങ്കേതിക വിദ്യയുടെ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തും. അമേരിക്കയും, രാജ്യത്തെ കമ്പനികളും ആരുടെയും കറവപ്പശുവല്ല. അമേരിക്കയെയും തങ്ങളുടെ മഹത്തായ ടെക് കമ്പനികളെയും ബഹുമാനിക്കുക, അല്ലെങ്കിൽ അനന്തരഫലം നേരിടാൻ തയ്യാറാവുക- സ്വന്തം സമൂഹമാധ്യമമായ ട്രൂത്തിൽ ട്രംപ് കുറിച്ചു.
സാങ്കേതിക രംഗത്ത് കസ്റ്റംസ് ഡ്യൂട്ടിയടക്കം നികുതികൾ ഒഴിവാക്കുമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. നെറ്റ് വർക്ക് ഉപയോഗ ഫീസടക്കം വിവിധ സാങ്കേതിക നികുതികൾ ഒഴിവാക്കാനും ചർച്ചയിൽ ധാരണയായിരുന്നു.
നിലവിൽ പുരോഗമിക്കുന്ന വ്യാപാര കരാർ ചർച്ചകളിൽ ഡിജിറ്റൽ നികുതിയും പ്രധാന വിഷയമായി ട്രംപ് ഭരണകൂടം ഉയർത്തിക്കാണിക്കുന്നുണ്ട്. ആൽഫബെറ്റ്, മെറ്റ, ആമസോൺ തുടങ്ങിയ വൻകിട അമേരിക്കൻ ടെക് കമ്പനികൾക്കുമേൽ ഇത്തരത്തിൽ രാജ്യങ്ങൾ ചുമത്തുന്ന നികുതിയിൽ ഇളവ് നൽകണമെന്ന ആവശ്യമാണ് നിലവിൽ ട്രംപ് മുന്നോട്ടുവെക്കുന്നത്. ഡിജിറ്റൽ നികുതിയടക്കം സമ്പ്രദായത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ എല്ലാ വ്യാപാര ചർച്ചകളും നിർത്തിവെക്കുമെന്ന് ജൂണിൽ യു.എസ്, കാനഡക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

