
സൗജന്യ റേഷൻ വിതരണ കേന്ദ്രങ്ങളിൽ മോദി ചിത്രം പതിക്കണം; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർദേശം
text_fieldsന്യൂഡൽഹി: രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സൗജന്യറേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രം പതിച്ച ബാനറുകൾ പ്രദർശിപ്പിക്കാൻ ആഹ്വാനം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി സൗജന്യ റേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ ബാനർ പ്രദർശിപ്പിക്കാനാണ് നിർദേശം. കൂടാതെ റേഷൻ ബാഗുകളിൽ ബി.ജെ.പിയുടെ ചിഹ്നമായ താമര പതിക്കണമെന്നും പാർട്ടി നിർദേശത്തിൽ പറയുന്നു.
കോവിഡ് 19െൻറ രണ്ടാംതരംഗത്തിൽ ദരിദ്ര വിഭാഗങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ആനുകൂല്യം നീട്ടിയിരുന്നു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിെൻറ പരിധിയിൽ വരുന്ന 80 കോടിയിലധികം ഗുണഭോക്താക്കൾക്ക് മാസം അഞ്ചുകിലോ ഭക്ഷ്യധാന്യം പദ്ധതി വഴി ലഭിക്കും. നവംബർ വരെയാണ് പദ്ധതി നീട്ടിയത്.
ഇൗ സാഹചര്യത്തിലാണ് ബി.ജെ.പിയുടെയും കേന്ദ്രത്തിെൻറയും പേരിൽ ബാനറുകൾ പ്രദർശിപ്പിക്കാൻ ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ്ങിെൻറ നിർദേശം. കേന്ദ്ര പദ്ധതിയുടെ പേര് ബാനറിൽ ഉൗന്നൽ നൽകണമെന്നും പറയുന്നു. കൂടാതെ നിരവധി നിർദേശങ്ങളും അതിനൊപ്പം നൽകിയിട്ടുണ്ട്.
റേഷൻ കടകളിൽനിന്ന് ലഭിക്കുന്ന ബാഗിൽ താമര ചിഹ്നം പതിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ എം.പിമാർക്കും എം.എൽ.എമാർക്കും മറ്റു ബി.ജെ.പി നേതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ അല്ലാത്തവയിലും സഞ്ചിയിൽ ബി.ജെ.പി ചിഹ്നം പതിക്കാനാണ് ആഹ്വാനം.
നിലവിൽ, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. നിരവധി പ്രതിപക്ഷ നേതാക്കൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
