യെദിയൂരപ്പക്ക് ഭൂരിപക്ഷമുണ്ട്; കത്ത് കോടതിയിൽ ഹാജരാക്കും -മുകുൾ റോഹ്ത്തഗി
text_fieldsന്യൂഡൽഹി: കേവല ഭൂരിപക്ഷത്തിനാവശ്യമായ എം.എൽ.എമാരുടെ പിന്തുണയുണ്ട് എന്ന് വ്യക്തമാക്കി ഗവർണർക്ക് നൽകിയ കത്ത് കോടതിയിൽ ഹാജരാക്കുമെന്ന് ബി.ജെ.പിയുടെ അഭിഭാഷകൻ മുകുൾ റോഹ്ത്തഗി. മുഖ്യമന്ത്രിയുടെ കത്ത് കോടതിയിൽ നൽകും. യെദിയൂരപ്പക്ക് ഭൂരിപക്ഷമുണ്ടെന്ന് ആ കത്തിൽ നിന്ന് വ്യക്തമാകും. പിന്തുണ തെളിയിക്കേണ്ടത് രാജ്ഭവനിലോ കോടതിയിലോ അല്ല നിയമസഭയിലാണ് എന്നും റോഹ്ത്തഗി പറഞ്ഞു.
കുതിരക്കച്ചവടം എന്ന പ്രശ്നം ഉദിക്കുന്നേയില്ല. എം.എൽ.എമാരെ റിസോർട്ടുകളിൽ താമസിപ്പിക്കുന്നതു പോലെ മറ്റൊരു വഴിയിലാണ് പിന്തുണ നേടിയിട്ടുള്ളത് എന്നും മുകുൾ റോഹ്ത്തഗി പറഞ്ഞു.
അതേസമയം, കേവല ഭൂരിപക്ഷമില്ലാത്ത യെദിയൂരപ്പയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചുവെന്നാരോപിച്ച് ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹരജിയിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്. കർണാടക രാജ്ഭവനു മുന്നിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി ബി.ജെ.പി പ്രവർത്തകർ യെദിയൂരപ്പയുടെ വീടിനു മുന്നിലും തമ്പടിച്ചിട്ടുണ്ട്.
104 സീറ്റുകൾ മാത്രമാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിക്ക് ലഭിച്ചത്. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ 117 സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ കേവല ഭൂരിപക്ഷം നേടിയ സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതെ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.െജ.പിെയ ഗവർണർ ക്ഷണിച്ചതാണ് വിവാദങ്ങൾക്കിടവെച്ചത്. ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിെയ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞക്ക് കോടതി അനുമതി നൽകി. എന്നാൽ ഗവർണർക്ക് നൽകിയ പിന്തുണ കത്ത് കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യെപ്പടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
