പശുക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ കാണിക്കൂ, 14 വയസ്സിൽ താഴെയുള്ളവയെ കശാപ്പ് ചെയ്യാൻ പാടില്ല... -പശ്ചിമബംഗാൾ ബി.ജെ.പി എം.എൽ.എ
text_fieldsകൊൽക്കത്ത: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് അവയുടെ ‘ജനന സർട്ടിഫിക്കറ്റുകൾ’ ആവശ്യമാണെന്ന് പശ്ചിമബംഗാൾ ബി.ജെ.പി എം.എൽ.എ. ശനിയാഴ്ച കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ഹിംഗൽഗഞ്ച് എം.എൽ.എയായ രേഖ പത്രയാണ് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടത്. ഹിംഗൽഗഞ്ചിലെ ലെബുഖാലിക്ക് സമീപമാണ് കന്നുകാലികളുമായി വന്ന വാഹനം അവർ തടഞ്ഞത്.
തുടർന്ന് അവർ കന്നുകാലികളെ വാഹനത്തിൽനിന്ന് ഇറക്കി വഴിയരികിലെ മരത്തിൽ കെട്ടിയിട്ട് വൈക്കോലും വെള്ളവും നൽകി. അനധികൃത കന്നുകാലി കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും 14 വയസ്സിൽ താഴെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യാൻ പാടില്ലെന്ന് സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയതായും അവർ പറഞ്ഞു.
‘ഞങ്ങളുടെ സർക്കാർ നിർദ്ദേശിച്ചതുപോലെ, 14 വയസ്സിൽ താഴെയുള്ള പശുക്കളെ കശാപ്പ് ചെയ്യുന്നതിന് കർശനമായ നിരോധനമുണ്ടാകും. ആരെങ്കിലും അനധികൃതമായി പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാൽ അവരെ പിടികൂടി പശുക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ കാണിക്കാൻ ആവശ്യപ്പെടണം. ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും’ അവർ പറഞ്ഞു.
അതേസമയം, എം.എൽ.എയുടെ പ്രസ്താവനക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്ത് പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് എം.എൽ.എ കാണിക്കുമോ എന്ന് ടി.എം.സി പരിഹസിച്ചു. ‘ഡബ്ൾ എൻജിൻ സംവിധാനമുള്ള ഏതെങ്കിലും സംസ്ഥാനത്ത് പശുവിന് ജനന സർട്ടിഫിക്കറ്റ് നൽകിയാൽ ബഹുമാനപ്പെട്ട നിയമസഭാഗം അത് കൊണ്ടുവരണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. റഫറൻസുകൾക്ക് ഇത് സഹായകരമാകും. ബി.ജെ.പിക്ക് പശുവിന്റെ ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിഞ്ഞാൽ, ആ സർട്ടിഫിക്കറ്റുകൾ ആരാണ് അംഗീകരിച്ചതെന്ന് പരിശോധിക്കണം’ -തൃണമൂൽ എം.എൽ.എ കുനാൽ ഘോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

