ഷോപ്പിയാൻ വെടിവെപ്പ്: പരിക്കേറ്റ മൂന്നാമനും മരിച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിെല ഷോപിയാനിൽ സൈന്യം നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ മൂന്നാമനും മരണത്തിനു കീഴടങ്ങി. നാർപോറ ഗ്രാമത്തിൽ നിന്നുള്ള റയീസ് അഹമ്മദ് ഗാനി(23)യാണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. തലക്ക് വെടിയേറ്റ റയീസിനെ ശ്രീനഗറിലെ ഷേർ െഎ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലാണ് പ്രവേശിപ്പിച്ചിരുന്നത്.
ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് ഗനോപൊര ഗ്രാമത്തിൽ ആൾക്കൂട്ടത്തിനുനേരെ സൈന്യം വെടിയുതിർത്തത്. വെടിവെപ്പിൽ യുവാക്കളായ സുഹൈൽ ലോൻ, ജാവിദ് ഭട്ട് എന്നിവർ കൊല്ലപ്പെട്ടിരുന്നു. റയീസിെൻറ മരണത്തോടെ താഴ്വരയിൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ട സിവിലിയൻമാരുടെ എണ്ണം ആറായി.
ഷോപ്പിയാൻ വെടിവെപ്പിൽ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൈന്യത്തിലെ ‘പത്ത് ഗർവാൾ’ യൂനിറ്റിലെ മേജർ ആദിത്യ ആണ് വെടിയുതിർത്തതെന്ന് എഫ്.െഎ.ആറിൽ പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം, ജീവൻ അപകടത്തിലാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. പ്രതിഷേധക്കാർ കല്ല് എറിഞ്ഞതിനെ തുടർന്ന് സ്വയം പ്രതിരോധമെന്ന നിലയിൽ ആണ് വെടിവെച്ചതെന്നാണ് സൈന്യത്തിെൻറ വാദം.