ചീഫ് ജസ്റ്റിന് നേരെയുള്ള ചെരിപ്പേറ് വിട്ടുകളയേണ്ട കേസ് -സുപ്രീംകോടതി
text_fieldsചീഫ് ജസ്റ്റിസ് ബി.ആർ ഗവായി
ന്യൂഡൽഹി: സനാതന ധർമത്തെ വിമർശിച്ചെന്നാരോപിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ സുപ്രീംകോടതിയിൽ അഭിഭാഷകൻ നടത്തിയ ചെരിപ്പേറ് വിട്ടുകളയേണ്ട കേസാണെന്ന് സുപ്രീംകോടതി.
ഇതിനേക്കാൾ ഗൗരവമേറിയ എത്രയോ കേസുകൾ കോടതിയുടെ പരിഗണനക്കായി കാത്തുകിടക്കുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ ഷൂസ് എറിഞ്ഞ അഡ്വ. രാജേഷ് കിഷോറിനെതിരായ ക്രിമിനൽ കോടതിയലക്ഷ്യ നടപടി വെള്ളിയാഴ്ച അടിയന്തരമായി പരിഗണിക്കണമെന്ന സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ്ങിന്റെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സംഭവം അവഗണിക്കാൻ ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസിനെ ഷൂ എറിഞ്ഞ സംഭവം ശ്രദ്ധിക്കാതെ വിടാൻ പറ്റില്ലെന്ന് ജസ്റ്റിസുമാരായ എ. സുര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ വികാസ് സിങ് ചൂണ്ടിക്കാട്ടി. എന്നാൽ, ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് മഹാമനസ്കത കാണിച്ചുവെന്നും സംഭവം സുപ്രീംകോടതിയെ ബാധിച്ചിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
കോടതിക്ക് നേരെ നടന്ന ആക്രമണമാണ് ബാറിന്റെ രോഷത്തിന് കാരണമെന്നും അതിനാൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടി വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്നും വികാസ് സിങ് ആവർത്തിച്ചു. ഒരാഴ്ച കൊണ്ട് എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും ദീപാവലി അവധി കഴിഞ്ഞ് പരിശോധിക്കാമെന്നുമായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ മറുപടി.
കോടതിയലക്ഷ്യ നടപടിക്ക് എ.ജിയുടെ അനുമതി
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ ഷൂസെറിഞ്ഞ അഡ്വ. രാജേഷ് കിഷോറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണി അനുമതി നൽകി. സുപ്രീംകോടതി ബാർ അസോസിയേഷനാണ് അനുമതി തേടിയത്.
കോടതിയലക്ഷ്യ നിയമത്തിന്റെ 15ാം വകുപ്പ് പ്രകാരം സ്വകാര്യ വ്യക്തി ക്രിമിനൽ കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചാൽ അറ്റോണി ജനറൽ അനുമതി നൽകേണ്ടതുണ്ട്. എ.ജി അനുമതി നൽകിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ വിശ്വാസ്യതയുടെ പ്രശ്നമാണിതെന്നും ചില നടപടികൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

