ദലിത് ബാലനോട് അധ്യാപകരുടെ നടുക്കുന്ന ക്രൂരത; പാന്റിനുള്ളിൽ തേളിനെ ഇട്ടു, കർണപുടം അടിച്ചുപൊട്ടിച്ചു
text_fieldsഷിംല: ഹിമാചൽ തലസ്ഥാനമായ ഷിംലയിൽ നിന്നും അധ്യാപകരുടെ നടുക്കുന്ന ക്രൂരതയുടെ വാർത്ത. സർക്കാർ വിദ്യാലയത്തിലെ അധ്യാപകർ എട്ടു വയസ്സുള്ള ദലിത് ആൺകുട്ടിയെ ആവർത്തിച്ച് ക്രൂരമായി മർദിക്കുകയും പാന്റിനുള്ളിൽ തേളിനെ ഇടുകയും ചെയ്തു. സംഭവത്തിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്തതായിപൊലീസ് പറഞ്ഞു.
ജില്ലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി പ്രദേശത്തെ ഗവൺമെന്റ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ കുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ, ഹെഡ്മാസ്റ്റർ ദേവേന്ദ്രയും അധ്യാപകരായ ബാബു റാമും കൃതിക താക്കൂറും ഒരു വർഷത്തോളമായി തന്റെ മകനെ പതിവായി ശാരീരികമായി ഉപദ്രവിച്ചുവരുന്നതായി ആരോപിച്ചു. വീട്ടിൽ പരാതിപ്പെട്ടാൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അധ്യാപകർ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു.
തുടർച്ചയായി മർദിച്ചതിനാൽ കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വരുകയും കർണപുടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറഞ്ഞു. അധ്യാപകർ മകനെ സ്കൂളിലെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി അവിടെവെച്ച് അവന്റെ പാന്റിൽ ഒരു തേളിനെ കയറ്റിവിട്ടതായും അദ്ദേഹം പറഞ്ഞു. പരാതിയെ തുടർന്ന് എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു.
ഒക്ടോബർ 30ന് കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് പ്രധാനാധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുകയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും, അങ്ങനെ ചെയ്താൽ ‘ജീവിതത്തിൽ നിന്ന് തന്നെ കൈ കഴുകേണ്ടി’വരുമെന്നും കുട്ടിയുടെ പിതാവിന് മുന്നറിയിപ്പ് നൽകി.
കൃതിക താക്കൂർ എന്ന അധ്യാപികയുടെ ഭർത്താവ് നിതീഷ് താക്കൂർ കഴിഞ്ഞ ഒരു വർഷമായി സ്കൂളിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ടെന്നും സ്കൂളിലെ അധ്യാപകർ ജാതി വിവേചനം കാണിക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. നേപ്പാളി, ഹരിജൻ വിദ്യാർഥികളെ ഭക്ഷണ സമയത്ത് രജപുത്ര വിദ്യാർഥികളിൽ നിന്ന് വേറിട്ട് ഇരുത്തിയിരുന്നു.
റോഹ്രുവിൽ അധ്യാപകർ വിദ്യാർത്ഥികളെ ആക്രമിക്കുന്നതോ ജാതി വിവേചനം കാണിക്കുന്നതോ ആയ ആദ്യ സംഭവമല്ല ഇത്. കഴിഞ്ഞ ആഴ്ച റോഹ്രുവിലെ ഗവാന പ്രദേശത്തെ സർക്കാർ പ്രൈമറി സ്കൂളിലെ ഒരു വിദ്യാർഥിയെ മുള്ളുകളുള്ള മരക്കുറ്റി കൊണ്ട് അടിച്ചതിന് ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു.
നേരത്തെ, റോഹ്രുവിലെ ലിംഡ ഗ്രാമത്തിൽ 12 വയസ്സുള്ള ഒരു ദലിത് ആൺകുട്ടി ആത്മഹത്യ ചെയ്തതായും പറയുന്നു. ചില ഉയർന്ന ജാതിക്കാരായ സ്ത്രീകൾ അവരുടെ വീട്ടിൽ കയറിയതിന് പശുത്തൊഴുത്തിൽ പൂട്ടിയിട്ടതിനെ തുടർന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

