ശിവരാജ് പാട്ടീൽ: വിടപറഞ്ഞത് തലയെടുപ്പുള്ള നേതാവ്
text_fieldsശിവരാജ് പാട്ടീൽ
മുംബൈ: ദേശീയ രാഷ്ട്രീയത്തിൽ തലയെടുപ്പോടെ ഏറെക്കാലം പ്രവർത്തിച്ച നേതാവായിരുന്നു വെള്ളിയാഴ്ച അന്തരിച്ച ശിവരാജ് പാട്ടീൽ. മാന്യമായ സംസാരവും പ്രതിപക്ഷ ബഹുമാനവും പുലർത്തിയ ഇദ്ദേഹം മികച്ച വാഗ്മിയുമായിരുന്നു. ലോക്സഭ സ്പീക്കറും ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീലിന് വലിയ പദവികൾ കൈയെത്തുംദൂരത്താണ് നഷ്ടമായത്. തുടർച്ചയായി ഏഴ് തവണ ലോക്സഭയിലെത്തിയ പാട്ടീൽ, 2004ൽ തോറ്റിരുന്നു.
ഇല്ലെങ്കിൽ ഒന്നാം യു.പി.എ സർക്കാറിനെ നയിച്ച് പ്രധാനമന്ത്രി വരെയാകാൻ സാധ്യത കൽപ്പിച്ചിരുന്നു. ലോക്സഭയിൽ തോറ്റ ശിവരാജ് പാട്ടീലിനെ പിന്നീട് രാജ്യസഭാംഗമാക്കിയ കോൺഗ്രസ്, ആഭ്യന്തരമന്ത്രിയെന്ന നിർണായക പദവിയാണ് നൽകിയത്. എന്നാൽ, 2008ലെ മുംബൈ ഭീകരാക്രമണം പാട്ടീലിന്റെ സജീവ രാഷ്ട്രീയ ജീവിതം തന്നെ മാറ്റിമറിച്ചു. നവംബർ 26ന് രാത്രിയിൽ ഭീകരർ മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയപ്പോൾ മൂന്നിടത്ത് മൂന്ന് വ്യത്യസ്ത സ്യൂട്ട് ധരിച്ചെത്തിയ പാട്ടീലിനെ ദേശീയ മാധ്യമങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു.
വൈകീട്ട് 6.30ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനു ശേഷം വെള്ള സ്യൂട്ടണിഞ്ഞ പാട്ടീൽ പിന്നീട് വീട്ടിലെത്തി കറുപ്പ് സ്യൂട്ട് ധരിച്ചാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. പത്തരയോടെ മുംബൈയിലെത്തിയ ആഭ്യന്തരമന്ത്രി മറ്റൊരു വെള്ള വസ്ത്രമായിരുന്നു ധരിച്ചത്. മാസങ്ങൾക്കുമുമ്പ് ഡൽഹി സ്ഫോടന സമയത്തും ഇതേ വസ്ത്രവിവാദമുണ്ടായിരുന്നു. എന്നും നന്നായി വസ്ത്രം ധരിക്കുന്നത് തന്റെ പതിവാണെന്നും തന്റെ വസ്ത്രത്തെയല്ല നയങ്ങളെ വിമർശിക്കുന്നതിൽ കുഴപ്പമില്ലെന്നുമായിരുന്നു പാട്ടീൽ പിന്നീട് പറഞ്ഞത്.
നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശിവരാജ് പാട്ടീലിനെ മന്ത്രിസ്ഥാനം തെറിച്ച ശേഷവും സോണിയ ഗാന്ധി കൈവിട്ടില്ല. രാഷ്ട്രപതി സ്ഥാനത്തേക്ക് ആ പേര് ഉയർന്നുവന്നു. എന്നാൽ, സി.പി.എം അടക്കം ഇടതുപക്ഷം എതിർത്തതോടെ പ്രതിഭ പാട്ടീലിന് അവസരം കിട്ടി. 2010 മുതൽ 15 വരെ പഞ്ചാബ് ഗവർണറായും ഇടക്ക് രാജസ്ഥാൻ ഗവർണറുടെ ചുമതലയും വഹിച്ച പാട്ടീൽ കാലാവധി പൂർത്തിയാക്കിയ ശേഷം ഏറക്കുറെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഈ വർഷം കുടുംബാംഗങ്ങൾക്കൊപ്പം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. മകന്റെ ഭാര്യയായ അർച്ചന ലത്തൂരിലെ ബി.ജെ.പി നേതാവ് കൂടിയാണെങ്കിലും കോൺഗ്രസുകാരനായി തന്നെയാണ് ഈ അതികായന്റെ 90ാം വയസ്സിലെ അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

