ശിവമൊഗ്ഗ ഐ.എസ് ഗൂഢാലോചന കേസ്: രണ്ടു പേർകൂടി എൻ.ഐ.എ പിടിയിൽ
text_fieldsബംഗളൂരു: ശിവമൊഗ്ഗ ഐ.എസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. മംഗളൂരു പെരമന്നൂർ ഹിറ കോളജിനു സമീപം താമസിക്കുന്ന മസിൻ അബ്ദുറഹ്മാൻ, ദാവൻകരെ ഹൊന്നാലി ദേവനായകനഹള്ളി സ്വദേശി കെ.എ. നദീംഷാ എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവിൽ കുക്കർ ബോംബ് സ്ഫോടന കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാരിഖുമായി അടുത്ത ബന്ധമുള്ള നാലു പേർ നേരത്തേ അറസ്റ്റിലായിരുന്നു.
ഇന്ത്യയിൽ ഐ.എസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി പ്രതികളായ മാസ് മുനീർ, സെയ്ദ് യാസീൻ എന്നിവർ മസീനെയും നദീമിനെയും റിക്രൂട്ട് ചെയ്യുകയായിരുന്നെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഗൂഢാലോചനയുടെ ഭാഗമായി ആയുധങ്ങൾ ഉപയോഗിക്കാൻ സംഘം പരിശീലനം നടത്തിയതായും ഇതിന്റെ ഭാഗമായി തുംഗ നദിക്കരയിൽ സ്ഫോടനം നടത്തിയതായും എൻ.ഐ.എ പറയുന്നു.
ശിവമൊഗ്ഗയിൽ കഴിഞ്ഞ ആഗസ്റ്റ് 15ന് സവർക്കറുടെ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാളെ കുത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതികൾ പിടിയിലായതോടെയാണ് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.ഇവരെ വിശദമായി ചോദ്യം ചെയ്യുകയും മൊബൈൽഫോൺ പരിശോധിക്കുകയും ചെയ്തതോടെ ഐ.എസ് സ്വാധീനം കണ്ടെത്തി. കർണാടകയിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടനങ്ങൾക്ക് സംഘം പദ്ധതിയിട്ടതായി എൻ.ഐ.എ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

