ശിവാജിനഗർ മണ്ഡലം വോട്ടർ പട്ടിക മതത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsബംഗളൂരു: ശിവാജിനഗർ നിയമസഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് ന്യൂനപക്ഷ വിഭാഗക്കാരെ ഒഴിവാക്കിയെന്ന ആക്ഷേപത്തിൽ മറുപടിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. വോട്ടർമാരുടെ മതം, ജാതി എന്നിവ അടിസ്ഥാനമാക്കി കമീഷൻ വിവരങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും അതിനാൽ അത്തരം ആരോപണം ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യൻ മതവിശ്വാസികളുടേത് അടക്കം ന്യൂനപക്ഷവിഭാഗങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കിയെന്നും തെറ്റുതിരുത്തി പുതിയ പട്ടിക തയാറാക്കണമെന്നും ആവശ്യപ്പെട്ട് ബാംഗ്ലൂർ അതിരൂപത വക്താവ് ജെ.എ. കന്ത്രാജ് സംസ്ഥാന ഇലക്ടറൽ ഓഫിസർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചത്.
ബി.ബി.എം.പി പരിധിയിലുള്ള ശിവാജിനഗർ, മഹാദേവപുര, ചിക്പേട്ട് നിയോജകമണ്ഡലത്തിലെ അന്തിമ വോട്ടർ പട്ടിക ജനുവരി 15നാണ് പുറത്തിറക്കിയത്. സ്വകാര്യ സ്ഥാപനം വോട്ടർമാരുടെ ഡേറ്റ ചോർത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഈ മൂന്നു മണ്ഡലങ്ങളിലെയും പട്ടിക വൈകിയത്. ആരോപണമുയർന്ന 9,195 വോട്ടർമാരുടെ കാര്യത്തിൽ പരിശോധന നടത്തിയിരുന്നുവെന്നും ഇവർ നിലവിൽ താമസക്കാരല്ലെന്നും 1847 പേർ മരിച്ചവരാണെന്നും തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു.
ഇതുവരെ ആരുടെയും പേരുകൾ വെട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്‍റെ ചട്ടപ്രകാരം എല്ലാ വോട്ടർമാർക്കും നോട്ടീസ് അയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.അന്തിമ വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ക്രിസ്ത്യൻ സമുദായത്തിലെ നിരവധിയാളുകളുടെ പേരുകൾ വെട്ടിയതായി ബോധ്യമായെന്നാണ് ബാംഗ്ലൂർ രൂപത പറയുന്നത്. 9,195 പേരുകൾ കാണാനില്ല. ഇതിൽ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾ, മുസ്ലിംകൾ എന്നിവരും ഉൾപ്പെടും.
193 ബൂത്തുകളിൽ 91 എണ്ണത്തിലാണ് വ്യാപകമായി പേരുകൾ വെട്ടിയതായി കണ്ടെത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലെ ബൂത്തുകളാണിവ. മണ്ഡലത്തിലെ 9,000 വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് വെട്ടിയെന്ന് മണ്ഡലം എം.എൽ.എയും കോൺഗ്രസ് നേതാവുമായ റിസ്വാൻ അർഷാദ് അടുത്തിടെ ആരോപിച്ചിരുന്നു. 9195 വോട്ടർമാരുടെ വിവരങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ 9195 വോട്ടർമാരിൽ 8000 പേരുകൾ പട്ടികയിൽ നിന്ന് നീക്കിയെന്നാണ് ആക്ഷേപം.
പോളിങ് ബൂത്തുകളിൽ കസേരയും ശൗചാലയവും
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടിങ് ശതമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. വോട്ടർമാർക്ക് ഇരിക്കാൻ കസേരകളും ബൂത്തുകളോടു ചേർന്ന് വൃത്തിയുള്ള ശൗചാലയങ്ങളുമൊരുക്കും.ശുദ്ധമായ കുടിവെള്ള സംവിധാനവുമുണ്ടാകും. ബംഗളൂരു ഉൾപ്പെടെ നഗരങ്ങളിൽ പോളിങ് ബൂത്ത് കണ്ടെത്താനുള്ള പ്രശ്നം പരിഹരിക്കുന്നതിന് കൃത്യതയുള്ള ആപ് വികസിപ്പിക്കുമെന്നും കമീഷൻ അറിയിച്ചു. നിലവിലുള്ള ആപ് കൃത്യതയില്ലെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് നടപടി.
തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ ഒരാഴ്ച മുമ്പ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിരുന്നു. പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചു. പോളിങ് ബൂത്തിനു മുന്നിൽ ഏറെനേരം വരിനിൽക്കേണ്ടതുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണ് കൂടുതൽ പേരും ചൂണ്ടിക്കാട്ടിയത്. ശൗചാലയങ്ങളില്ലാത്തത് സ്ത്രീകൾ ഉൾപ്പെടെ വോട്ടു ചെയ്യാനെത്താത്തതിന്റെ കാരണമാകുന്നതായാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

