ഒരു രാജ്യം ഒരു ഭാഷ, ഹിന്ദി വിഷയത്തിൽ അമിത് ഷായെ പിന്തുണച്ച് സഞ്ജയ് റാവത്ത്
text_fieldsസഞ്ജയ് റാവത്ത്
മുംബൈ: ഒരു രാഷ്ട്രം ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആശയത്തെ പിന്തുണച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. എല്ലാ സംസ്ഥാനങ്ങളിലും ഏക ഭാഷയെന്ന വെല്ലുവിളി ആഭ്യന്തര മന്ത്രി സ്വീകരിക്കണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലീഷിന് പകരമായി ഹിന്ദിയെ സ്വീകരിക്കണമെന്ന് ഷാ പറഞ്ഞതിന് പിന്നാലെയാണ് ഈ ആശയത്തെ പിന്തുണച്ച് റാവത്ത് രംഗത്തെത്തിയിരിക്കുന്നത്.
സഭയിൽ അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ ഹിന്ദിയിലാണ് സംസാരിക്കുന്നത്. അത് രാജ്യത്തിന്‍റെ ഭാഷയാണ്. രാജ്യത്ത് മുഴുവൻ സ്വീകാര്യതയുള്ളതും കൂടുതൽ ആളുകൾ സംസാരിക്കുന്നതും ഹിന്ദിയാണ്. ഏക ഭാഷ വിഷയത്തിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയുടെ പരാമർശത്തിന് മറുപടിയായി റാവത്ത് പറഞ്ഞു. ഹിന്ദി പഠിച്ചാൽ ജോലി ലഭിക്കുമെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദത്തെ പരിഹസിച്ച് കോയമ്പത്തൂരിൽ ഹിന്ദി പഠിച്ചവരാണ് പാനിപൂരി വിൽക്കുന്നതെന്ന് മന്ത്രി പൊൻമുടി പറഞ്ഞിരുന്നു.
എന്നാൽ ശിവസേന ഹിന്ദി ഭാഷയെ എന്നും ബഹുമാനിച്ചിട്ടേയുള്ളുവെന്ന് റാവത്ത് വ്യക്തമാക്കി. ഹിന്ദി സിനിമാ വ്യവസായം രാജ്യത്തും ലോകത്തും വളരെ സ്വാധീനമുള്ളതാണ്. അതിനാൽ ഒരു ഭാഷയെയും അപമാനിക്കരുത്. ഒരു രാജ്യം, ഒരു ഭരണഘടന എന്നിവ പോലെ ഒരു ഭാഷയെന്ന വെല്ലുവിളി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി തയ്യാറാകണം- റാവത്ത് പറഞ്ഞു.