ശിവസേന ഉദ്ധവ് പക്ഷം പിളർപ്പിലേക്ക്; നിർണായക യോഗത്തിൽ പങ്കെടുത്തത് ഒമ്പതിൽ മൂന്ന് എം.പിമാർ മാത്രം
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തെ വീണ്ടും ഉലച്ചുകൊണ്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പിളർപ്പിന്റെ വക്കിലേക്ക്. ഡൽഹിയിൽ ചേർന്ന പാർട്ടിയുടെ നിർണായക പാർലമെന്ററി യോഗത്തിൽ ഒൻപത് ലോക്‌സഭ എം.പിമാരിൽ ആറുപേരും വിട്ടുനിന്നു. ഒൻപത് എം.പിമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് വ്യക്തമാക്കി പാർട്ടി വിപ്പ് നൽകിയിരുന്നെങ്കിലും മൂന്ന് പേർ മാത്രമാണ് എത്തിയത്.
അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജുഭാവ് വാജെ എന്നിവരാണ് യോഗത്തിനെത്തിയ ലോക്‌സഭാംഗങ്ങൾ. പാർട്ടിയുടെ രാജ്യസഭാംഗമായ സഞ്ജയ് റാവത്തും യോഗത്തിൽ പങ്കെടുത്തു. വിപ്പ് ലംഘിച്ച എം.പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും, പാർലമെന്‍റ് അംഗത്വം റദ്ദാക്കാനുള്ള നിയമനടപടികളിലേക്ക് കടക്കാനുമാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം.
വിട്ടുനിന്ന എം.പിമാർ പാർട്ടി വിപ്പ് പരസ്യമായി ലംഘിച്ചിരിക്കുകയാണ്. ഇവർക്കെതിരായ അച്ചടക്ക നടപടികൾക്ക് പാർട്ടി തുടക്കം കുറിച്ചു കഴിഞ്ഞു. കാരണം കാണിക്കൽ നോട്ടീസ് അയച്ച് വിശദീകരണം തേടിയ ശേഷം ഇവരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
സഖ്യകക്ഷികളെയും പാർട്ടികളെയും തകർക്കുന്ന ബി.ജെ.പിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിനെതിരെ സഞ്ജയ് റാവത്ത് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ബി.ജെ.പിയുടേത് തന്ത്രമല്ല, മറിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്ന ശുദ്ധ ചതിയാണ് അവർ പയറ്റുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അവർ ഇപ്പോഴും പാർട്ടിയുടെ ഔദ്യോഗിക അംഗങ്ങളാണ്, ഉദ്ധവ് താക്കറെയുടെ ചിഹ്നത്തിലാണ് അവർ ജനവിധി നേടിയത്. പാർട്ടി വിപ്പ് ലംഘിച്ചവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. രാജ്യത്തെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ രാഷ്ട്രീയം ബി.ജെ.പി മലിനമാക്കിയിരിക്കുകയാണ്. ഇതിന് അവർക്ക് വരുംദിവസങ്ങളിൽ കനത്ത വില നൽകേണ്ടി വരുമെന്നും റാവത്ത് വ്യക്തമാക്കി.
ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന ആദ്യ പിളർപ്പിന് ശേഷം, അവശേഷിക്കുന്ന ജനപ്രതിനിധികൾ കൂടി പാർട്ടി വിടാനൊരുങ്ങുന്നത് ഉദ്ധവ് താക്കറെ വിഭാഗത്തിന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

