തെരഞ്ഞെടുപ്പ് കമീഷനെതിരായ സമരം: ഭിന്നത മറന്ന് ഒന്നിക്കണമെന്ന് ആം ആദ്മിയോടും ഡി.എം.കെയോടും ശിവസേന
text_fieldsഉദ്ധവ് താക്കറെ
മുംബൈ: വോട്ടർപട്ടിക പുതുക്കലിലെ (എസ്.ഐ.ആർ) ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയും 'ഇൻഡ്യ' മുന്നണി നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളിൽ നിന്ന് ആം ആദ്മി പാർട്ടിയും ഡി.എം.കെയും വിട്ടുനിൽക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ശിവസേന (യു.ബി.ടി). കോൺഗ്രസുമായുള്ള രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് രാജ്യത്തെ ഏകാധിപത്യത്തിൽ നിന്ന് മോചിപ്പിക്കാൻ ഇരുപാർട്ടികളും സംയുക്ത പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടി മുഖപത്രമായ 'സാമ്ന'യിലെ മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷന്റെ വിവാദ നടപടികൾക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോഴും പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷികളായ ആം ആദ്മിയും ഡി.എം.കെയും വിട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
'കെജ്രിവാളിന്റെ പരാജയം വോട്ട് വെട്ടിനിരത്തലിലൂടെ; പോരാട്ടത്തിൽ നിന്ന് പിന്മാറരുത്'
കോൺഗ്രസുമായി ആം ആദ്മി പാർട്ടിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഏകാധിപത്യത്തിന്റെ ചങ്ങലകൾ പൊട്ടിക്കാൻ ഇരുപാർട്ടികളും ഒന്നിച്ചുനിൽക്കണമെന്നും 'സാമ്ന' ഓർമിപ്പിക്കുന്നു:
"നരേന്ദ്ര മോദിയിൽ നിന്നും അമിത് ഷായിൽ നിന്നും തെരഞ്ഞെടുപ്പ് കമീഷനിൽ നിന്നും കയ്പേറിയ അനുഭവങ്ങൾ നേരിട്ട നേതാവാണ് അരവിന്ദ് കെജ്രിവാൾ. ഡൽഹി മുഖ്യമന്ത്രിയായിരിക്കെ കള്ളക്കേസുകൾ ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയാണ് കെജ്രിവാളിന്റെ പരാജയം എൻജിനീയർ ചെയ്തത്. അതിനാൽ 'ഇൻഡ്യ' മുന്നണിയിൽ നിന്ന് വിട്ടുനിൽക്കുന്നത് എ.എ.പിയുടെ താത്പര്യങ്ങൾക്ക് പോലും നല്ലതല്ല."
— ശിവസേന (യു.ബി.ടി) വ്യക്തമാക്കി.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും മുഖ്യ എതിരാളികളാണെന്നത് ഒരു തർക്കവിഷയമായി തുടരുമ്പോൾ തന്നെ, മോദി-ഷാ കൂട്ടുകെട്ടിനെതിരായ ദേശീയ പോരാട്ടത്തിൽ കെജ്രിവാൾ അണിനിരക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ പരാജയവും ഡി.എം.കെയുടെ നിലപാടും; ബി.ജെ.ഡിയെ പ്രശംസിച്ച് 'സാമ്ന'
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെയ്ക്ക് കോൺഗ്രസ് പിന്തുണ നൽകിയതോടെയാണ് ഡി.എം.കെ സഖ്യം വിട്ടത്. ഇതിന്റെ അമർഷത്തിലാണ് ഡി.എം.കെ ദേശീയ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ ഡി.എം.കെയുടെ ഈ നിലപാട് രാജ്യത്തിന്റെ വിശാല താത്പര്യങ്ങൾക്ക് ചേർന്നതല്ലെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. അതേസമയം, തെരഞ്ഞെടുപ്പ് കമീഷണർക്കെതിരായ പ്രക്ഷോഭത്തിൽ 'ഇൻഡ്യ' മുന്നണിക്കൊപ്പം കൈകോർത്ത നവീൻ പട്നായിക്കിന്റെ ബിജു ജനതാദളിന്റെ നിലപാടിനെ ശിവസേന (യു.ബി.ടി) പ്രശംസിച്ചു.
തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന എം.പിമാരുടെ മാർച്ച് വലിയ നാടകീയ രംഗങ്ങൾക്കാണ് വഴിവെച്ചത്. ചൊവ്വാഴ്ച ആകാശവാണി ഭവനിലെ എട്ട് മണിക്കൂർ കുത്തിയിരിപ്പ് സമരത്തിന് പിന്നാലെ ബുധനാഴ്ചയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നിരയിലെ വിള്ളലുകൾ പരിഹരിക്കാൻ ശിവസേന (യു.ബി.ടി) പരസ്യമായി രംഗത്തെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

