വോട്ടിന് സ്ത്രീകൾക്ക് കൈക്കൂലി നൽകുന്ന പദ്ധതി സാമ്പത്തിക കുറ്റകൃത്യം; ബിഹാറിലെ മഹിളാ റോസ്ഗാർ യോജനക്കെതിരെ ‘സാമ്ന’ എഡിറ്റോറിയൽ
text_fieldsമുംബൈ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ വോട്ടർമാർക്ക് കൈക്കൂലി നൽകുന്ന പദ്ധതി മാത്രമാണ് ബിഹാറിലെ ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’ എന്ന രൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി).
പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിലെ കടുത്ത ഭാഷയിലുള്ള എഡിറ്റോറിയലിൽ, 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓരോരുത്തർക്കും 10,000 രൂപ വീതംവെച്ച് 7,500 കോടി രൂപ കൈമാറുന്ന പദ്ധതിയെ ‘പണശക്തി ഉപയോഗിച്ച് വോട്ടർമാരെ വശീകരിക്കാനുള്ള ശ്രമ’മെന്ന് വിശേഷിപ്പിച്ചു.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതിയും ഇത്തരം നടപടികൾക്ക് നേരെ കണ്ണടച്ചിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും വോട്ടർമാർക്ക് കൈക്കൂലി നൽകുന്ന ഈ പദ്ധതിയെ അപലപിക്കണം. തെരഞ്ഞെടുപ്പുകളുടെ സുതാര്യതയെയും നീതിയെയും കുറിച്ച് ഇത് സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ രീതിയിൽ ഇന്ത്യൻ വോട്ടർമാരെ വിലക്ക് വാങ്ങുന്നതും ജനാധിപത്യത്തിനുന്മേൽ നിയന്ത്രണം നേടുന്നതും ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ ലജ്ജാരഹിതമാണെന്നും ലേഖനം ആരോപിച്ചു. ഭരണഘടനാ സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് സുപ്രീംകോടതിയോടൊപ്പം ബി.ജെ.പിയെ സേവിക്കുകയാണ് കമീഷൻ എന്നും പറഞ്ഞു.
ഈ ഭരണഘടനാ സ്ഥാപനങ്ങൾ ബി.ജെ.പിയുടെ ശാഖകളായി പ്രവർത്തിക്കുന്നുവെങ്കിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് വെറും പ്രഹസനം മാത്രമാണ്. ബി.ജെ.പിയും നിതീഷ് കുമാർ സഖ്യവും തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം, ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ട് മോഷ്ടിച്ചതായി ആരോപിച്ച് രാഹുൽ ഗാന്ധി അവരുടെ പദ്ധതികൾ തകർത്തു. അതിനാൽ, സർക്കാർ ഖജനാവ് ഉപയോഗിച്ച് വോട്ട് വാങ്ങാൻ പ്രധാനമന്ത്രി മോദി ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നുവെന്നും അത് ആരോപിച്ചു.
ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് നൽകുന്ന ഈ കൈക്കൂലി സാമ്പത്തിക കുറ്റകൃത്യമാണെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന അവകാശപ്പെട്ടു. എന്നാൽ, ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’ പ്രകാരം ലഭിക്കുന്ന സഹായത്തിൽ നിന്ന് സ്ത്രീകൾക്ക് കച്ചവടങ്ങളും വ്യവസായങ്ങളും സ്ഥാപിക്കാൻ കഴിയുമെന്നാണ് ഭരണാധികാരികളുടെ ന്യായീകരണം.
1.11 കോടി വനിതാ അപേക്ഷകരിൽ 75 ലക്ഷം സ്ത്രീകൾക്ക് സഹായം അനുവദിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കും. വോട്ട് വാങ്ങാൻ വേണ്ടിയായിരുന്നു ഈ 'കൈക്കൂലി'. പ്രധാനമന്ത്രി മോദി തന്നെ ഇന്ത്യൻ വോട്ടർമാരെ പണത്തിന് വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ ഇത് ഗൗരവമായി കാണേണ്ടതായിരുന്നുവെന്നും എഡിറ്റോറിയൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

