‘രാമരക്ഷാ’ പ്രക്ഷോഭത്തിന് ശിവസേന
text_fieldsമുംബൈ: രാമക്ഷേത്ര സംഭാവനക്കൊള്ളക്ക് പിന്നിൽ ബി.ജെ.പിയെന്ന് ആരോപിച്ച് പ്രക്ഷോഭം ആരംഭിക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ഞായറാഴ്ച മുതൽ മഹാരാഷ്ട്രയിൽ ‘രാമരക്ഷാ’ പ്രക്ഷോഭം ആരംഭിക്കുമെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. മധ്യ മുംബൈയിലെ ദാദർ ഹനുമാൻ ക്ഷേത്രത്തിൽ ഒത്തുകൂടി ഹനുമാൻ സ്തോത്രവും ഹനുമാൻ ചാലിസ ചൊല്ലുമെന്നും, അയോധ്യ രാമക്ഷേത്ര മോഷണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബി.ജെ.പിക്കുമേൽ സമ്മർദം ചെലുത്തുമെന്നും താക്കറെ പറഞ്ഞു.
ശിവസേനക്കാർ ഉൾപ്പെടെ നിരവധി ഹിന്ദുക്കളാണ് ‘കർസേവ’യിൽ പങ്കെടുത്തതെന്നും, ഗോധ്ര ട്രെയിൻ കത്തിക്കൽ, അഹമ്മദാബാദ് കലാപം, മുംബൈ സ്ഫോടന പരമ്പര തുടങ്ങി പലതും അവർ സഹിച്ചിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു. ഈ സംഭവങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബി.ജെ.പി ഇപ്പോൾ അനിയന്ത്രിതമായ അധികാരം ആസ്വദിക്കുകയാണെന്നും ഉദ്ധവ് ആരോപിച്ചു.
അതേസമയം, രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. അയോധ്യയിലെ രാമക്ഷേത്ര കോംപ്ലക്സിൽ നടന്ന ചോദ്യം ആറ് മണിക്കൂർ വരെ നീണ്ടു. അന്വേഷണം പുരോഗമിക്കവെ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ചമ്പത് റായിയെ വീണ്ടും ചോദ്യം ചെയ്തതിലൂടെ സംഭാവനകൾ ശേഖരിക്കുന്നതും എണ്ണുന്നതും ബാങ്കിൽ നിക്ഷേപിക്കുന്നതും വരെയുള്ള ഭരണപരമായ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്.
ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂലൈ 15-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി, സംഭാവന തുകയിൽ കൃത്രിമം കാട്ടിയ കേസിലെ പ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ വീട്ടിൽ നിന്ന് നേരത്തെ 20.40 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളിലേക്ക് നയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സംഭാവന ശേഖരണത്തിലെ ക്രമക്കേടുകളെത്തുടർന്ന് ചമ്പത് റായിയും അനിൽ മിശ്രയും കഴിഞ്ഞ ആഴ്ച തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചിരുന്നു.
അതേസമയം, ചമ്പത് റായിയെ പ്രതിരോധിക്കുന്ന നിലപാടാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സ്വീകരിച്ചത്. ‘അന്വേഷണം നടക്കുമ്പോൾ അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല. എസ്.ഐ.ടിയും പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. നമുക്ക് ഫലം വരുന്നത് വരെ കാത്തിരിക്കാം. രാക്ഷേത്ര വിഷയത്തിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവകാശമില്ല,’ മൗര്യ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തിനായി ഏറെ സമർപ്പണത്തോടെ പ്രവർത്തിച്ചവരാണ് ചമ്പത് റായ് എന്നും, ഈ സംഭവം അവരെ വേദനിപ്പിച്ചിട്ടുണ്ടെന്നും കേശവ് പ്രസാദ് കൂട്ടിച്ചേർത്തു.
ജൂൺ ഏഴിനാണ് രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനയിൽ 5 മുതൽ 7.5 കോടി രൂപ വരെ തിരിമറി നടന്നെന്ന ആരോപണം സമാജ്‌വാദി പാർട്ടി നേതാവ് തേജ് നാരായൺ പാണ്ഡെ ഉന്നയിച്ചത്. ഇതിനെത്തുടർന്നാണ് സർക്കാർ എസ്.ഐ.ടിയെ നിയോഗിച്ചത്. സംഭാവനകൾ ബാങ്കിൽ എത്തുന്നതിന് മുമ്പ് തന്നെ ഒരു വിഭാഗം തുക തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

