മുംബൈയിൽ നിന്ന് തുർക്കിയയിലേക്ക് ഇനി വിമാനം വേണ്ടെന്ന് ശിവസേന
text_fieldsമുംബൈ: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനു പിന്തുണ അറിയിച്ച തുർക്കിയക്കെതിരായ ബഹിഷ്‍കരണം പുതിയ മേഖലകളിൽ കൂടി വ്യാപിക്കുന്നു.
ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെ മുംബൈയിൽ നിന്നും തുർക്കിയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെക്കാൻ ശിവസേന ആവശ്യപ്പെട്ടു. ശിവസേന നേതാവും സാമൂഹിക മാധ്യമങ്ങളുടെ ചുമതലയുമുളള രഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി.പി. രാധാകൃഷ്ണൻ എന്നിവർക്ക് അദ്ദേഹം കത്തയച്ചു. ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ് ആവശ്യം.
‘തുർക്കിയയിൽ ടൂറിസ്റ്റുകളായി എത്തുന്നത് പ്രധാനമായും ഇന്ത്യക്കാരാണ്. എന്നാൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനെതിരായി, പാകിസ്താന് പിന്തുണ നൽകിയിരിക്കുകയാണ് തുർക്കി. ഈ സാഹചര്യത്തിൽ മുംബൈയിൽ നിന്നും തുർക്കിയയിലേക്കുളള എല്ലാ വിമാനങ്ങളും നിർത്തിവെക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്’ എന്നായിരുന്നു രാഹൂലിന്റെ കത്ത്.
ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഈ നീക്കം പ്രധാനമായിരിക്കുമെന്നും രാഹൂൽ അവകാശപ്പെട്ടു. പുറമെ തുർക്കിയക്ക് നേരെ ഉപരോധങ്ങൾ പ്രഖ്യാപിക്കണമെന്നും രാഹൂൽ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള സംഘർഷ സമയത്ത് തുർക്കിയയുടെ ഡ്രോണുകളായിരുന്നു ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഉപയോഗിച്ചിരുന്നത്. ഓപറേഷൻ സിന്ദൂറിൻ്റെ സമയത്ത് പാകിസ്താന് പിന്തുണയുമായി തുർക്കിയ രംഗത്തെത്തിയിരുന്നു. തുർക്കിയയിൽ നിന്നുമുള്ള ബേക്കറി ഉൽപന്നങ്ങളൂം ബേക്കറി യന്ത്രങ്ങളും ബഹിഷ്കരിക്കാനും ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

