ശിവസേന വീണ്ടും പിളർപ്പിലേക്ക്;വിമതർ ലോക്സഭ സ്പീക്കർക്ക് കത്തുനൽകി
text_fieldsമുംബൈ: ഉദ്ധവ് താക്കറെ പക്ഷ ശിവസേന വീണ്ടും പിളർപ്പിലേക്ക്. ഉദ്ധവ് പക്ഷത്തെ ഒമ്പത് എം.പിമാരിൽ ആറ് വിമതർ ബുധനാഴ്ച ഡൽഹിയിൽ ചെന്ന് ലോക്സഭ സ്പീക്കർ ഓം ബിർളയെ കണ്ട് തങ്ങളെ സ്വതന്ത്ര സംഘമായി പരിഗണിക്കാനാവശ്യപ്പെട്ട് കത്തുനൽകി. വെള്ളിയാഴ്ച മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ഇവർ ഷിൻഡെ പക്ഷത്ത് ലയിക്കുമെന്നാണ് സൂചന. അതേസമയം, എം.പിമാരിൽ ചിലർ പ്രത്യേക ഗ്രൂപ് ഉണ്ടാക്കാൻ ശ്രമം നടത്തിയാൽ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കാറേക്ക് പറയാനുള്ളതുകൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷ എം.പിമാർ കത്തുനൽകുകയും സ്പീക്കറെ നേരിൽ കാണുകയും ചെയ്തു.
ഇതിനിടയിൽ കുടുംബ സമർദത്തെത്തുടർന്ന് വിമതരിൽ സഞ്ജയ് ദിന പാട്ടീൽ, ഓംരാജെനായിക് നിമ്പാൽക്കർ എന്നിവർ പിൻമാറിയേക്കുമെന്ന് മറാത്തി ചാനലുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന ഉദ്ധവ് പക്ഷ ശിവസേനയുടെ പാർലമെന്ററി കാര്യ യോഗത്തിൽ ചിത്രം വ്യക്തമാകും. ഒമ്പത് എം.പിമാരോടും പങ്കെടുക്കാൻ ആവശ്യപ്പെട്ട് വിപ്പ് നൽകിയിട്ടുണ്ട്. ഒമ്പതിൽ മൂന്നിൽ രണ്ടായ ആറുപേർ ചേർന്നാലെ വിമത ഗ്രൂപ്പിന് നിയമസാധ്യതയുണ്ടാകൂ. സഞ്ജയ്ദിന പാട്ടീൽ പിന്മാറിയാൽ വിമത നീക്കം പൊളിയും.
സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ക്കതിക്കർ, സഞ്ജയ് ജാദവ്, ഭാഉസാഹെബ് വാക്ക്ചൗരേ എന്നിവരാണ് മറ്റ് വിമത എം.പിമാർ. കഴിഞ്ഞ ഞായറാഴ്ച ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിലാണ് ആദ്യം കല്ലുകടിയുണ്ടായത്. അഞ്ചുപേർ വിട്ടുനിന്നു. വിമത എം.പിമാർക്ക് 50 കോടി രൂപ വീതമാണ് വാഗ്ദാനമെന്നും 15 കോടി വീതം മുൻകൂറായി നൽകിയെന്നും പാർട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ആരോപിച്ചു.
നാലുവർഷം മുമ്പ് ജൂണിലാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായ മഹാ വികാസ് അഘാഡി സർക്കാറിനെ അട്ടിമറിച്ച് ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

