മുംബൈ: റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയിലും നിയമസഭ കൗൺസിലിലും അവകാശലംഘന പ്രമേയം.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനുമെതിരെ മോശം പദപ്രയോഗവും അവാസ്തവ പരാമർശങ്ങളും നടത്തിയെന്ന് ആരോപിച്ച് ശിവസേന എം.എൽ.എ പ്രതാപ് സർനായികാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ശിവസേന എം.എൽ.സി മനീഷ കായണ്ടെ കൗൺസിലിലും പ്രമേയം അവതരിപ്പിച്ചു.
മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച നടി കങ്കണ റണാവത്തിനെതിരെ കൗൺസിലിൽ കോൺഗ്രസ് എം.എൽ.സി അശോക് ജഗ്താപും അവകാശലംഘനപ്രമേയം കൊണ്ടുവന്നു. പ്രമേയങ്ങൾ ഡെപ്യൂട്ടി സ്പീക്കറും നിയമസഭ കൗൺസിൽ അധ്യക്ഷൻ നായിക് നിമ്പാൽകറും അംഗീകരിച്ചു.