‘താനെയിൽ ബി.ജെ.പി സഖ്യത്തെ തറപറ്റിക്കും’; ഉദ്ധവും രാജ് താക്കറെയും തദ്ദേശ തെരഞ്ഞെടുപ്പിൽ കൈ കോർക്കുമെന്ന് സഞ്ജയ് റാവത്ത്
text_fieldsസഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്രയില താനെ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനക്കൊപ്പം (എം.എൻ.എസ്) മത്സരിക്കുമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) എം.പി സഞ്ജയ് റാവത്ത്. 75ലേറെ സീറ്റുകളിൽ ജയിച്ച് അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമായ താനെയിൽ നിലവിൽ ഭരിക്കുന്നത് ഷിൻഡെ വിഭാഗം സേനയും ബി.ജെ.പിയും ചേർന്ന സഖ്യമാണ്. എം.എൻ.എസുമായി കൈകോർക്കുന്നതിലൂടെ ഭരണ സഖ്യത്തെ തകർക്കാനാകുമെന്ന് റാവത്ത് പറഞ്ഞു.
“താനെയിൽ ശിവസേനയും എം.എൻ.എസും ഒന്നിച്ച് മത്സരിച്ച് വിജയം പിടിക്കും. ‘75 ലേറെ’ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഏതാനും മാസങ്ങളായി ഉദ്ധവ് താക്കറെയും രാജ് താക്കറെയും തമ്മിലുള്ള അടുപ്പം കൂടുകയാണ്. ഇത് പുതിയ സഖ്യത്തിനുള്ള അടിത്തറയായി. മുൻകാല ഭിന്നതകൾ മറന്ന് മറാത്തികൾക്കും മഹാരാഷ്ട്രക്കുമായി ഒന്നുചേർന്ന് പ്രവർത്തിക്കാൻ ഇരുവരും തീരുമാനിച്ചു. ഈ സഖ്യം താനെയിലും സംസ്ഥാനത്താകെയും മറാത്തി പ്രാതിനിധ്യം ശക്തമാക്കും. ബാൽ താക്കറെയുടെ പൈതൃകത്തെ ചതിച്ചവർക്ക് താനെയിലെ ജനം തെരഞ്ഞെടുപ്പിലൂടെ അർഹമായ മറുപടി നൽകും” -റാവത്ത് പറഞ്ഞു.
ഷിൻഡെ വിഭാഗം സേനക്കുള്ളിൽ ബി.ജെ.പി സഖ്യത്തെ ചൊല്ലി അസ്വാരസ്യങ്ങൾ ഉയരുന്നതിനിടെയാണ് റാവത്ത് ഇക്കാര്യം പറയുന്നതെന്നത് ശ്രദ്ധേയമാണ്. ഷിൻഡെക്കൊപ്പമുള്ള ഏതാനും ശിവസേന എം.എൽ.എമാർ താനെയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യമുപേക്ഷിച്ച് ഒറ്റക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ 131 സീറ്റിലേക്കാണ് താനെയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ അവിഭക്ത ശിവസേന 67 സീറ്റിലും ബി.ജെ.പി 23 സീറ്റിലും ജയം പിടിച്ചിരുന്നു.
അതേസമയം രണ്ട് പതിറ്റാണ്ടോളം അകൽച്ചയിലായിരുന്ന ഉദ്ധവ്, രാജ് താക്കറെമാർ അടുത്തിടെ മുംബൈ ശിവജി പാർക്കിൽ നടന്ന എം.എൻ.എസ് ദീപോത്സവിൽ ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. മറാത്തി ഐക്യം ജനങ്ങളുടെ ജീവിതത്തിൽ പുതുവെളിച്ചവും സന്തോഷവും പകരുമെന്നാണ് അന്ന് ഉദ്ധവ് പറഞ്ഞത്. പ്രൈമറി ക്ലാസുകളിൽ ഹിന്ദി ഭാഷാപഠനം നിർബന്ധമാക്കണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ ഇരു നേതാക്കളും ഒരുമിച്ച് പ്രവർത്തിച്ചതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

