അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരന്‍റെ ദേഹത്ത് മാലിന്യമിട്ട് ശിവസേന എം.എൽ.എയും അനുയായികളും -വിഡിയോ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരന്‍റെ തലയിലും ദേഹത്തും മാലിന്യമിട്ട് ശിവസേന എം.എൽ.എയും അനുയായികളും. ശിവസേന എം.എൽ.എ ദിലീപ് ലാൻഡെയും അനുയായികളുമാണ് അതിക്രമത്തിന് പിന്നിൽ.
മലിനജലത്തിൽ ഇരുത്തി തലയിലും ദേഹത്തും മാലിന്യം ഇടുന്നത് പുറത്തുവന്ന വിഡിയോയിൽ കാണാം. അഴുക്കുചാലിൽ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതിൽ പ്രതിഷേധവും രൂക്ഷമായിരുന്നു. ഇതിൽ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയിക്കാനാണ് ഇത്തരമൊരു പ്രവൃത്തിയെന്നായിരുന്നു ശിവേസന പ്രവർത്തകരുടെ പ്രതികരണം.
ചാന്ദിവാലി നിയമസഭ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന വ്യക്തിയാണ് ദിലീപ് ലാൻഡെ. ജോലി കൃത്യമായി ചെയ്യാത്തതിനാലാണ് ഇത്തരമൊരു പ്രവൃത്തിയെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.
കഴിഞ്ഞ 15 ദിവസമായി ഞാൻ കരാറുകാരനെ വിളിച്ചു. റോഡിൽനിന്ന് മാലിന്യം നീക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അദ്ദേഹം അത് ചെയ്തില്ല. ശിവേസന പ്രവർത്തകർ പിന്നീട് റോഡ് വൃത്തിയാക്കാൻ ഇറങ്ങി. ഇതോടെ കോൺട്രാക്ടർ അവിടേക്കെത്തുകയായിരുന്നു. ഇത് അദ്ദേഹത്തിന്‍റെ േജാലിയാണെന്നും അദ്ദേഹം തന്നെ ചെയ്യണമെന്നും അറിയിച്ചു -എം.എൽ.എ പറഞ്ഞു.
ശനിയാഴ്ചയാണ് കോൺട്രാക്ടർക്കെതിരായ ആക്രമണം. പിന്നീട് സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിക്കുകയായിരുന്നു. കനത്ത പ്രതിഷേധമാണ് എം.എൽ.എക്കും അനുയായികൾക്കുമെതിരെ ഉയരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് മുംബൈയിൽ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. ജൂൺ ഒമ്പതിന് തന്നെ മുംബൈയിൽ മൺസൂൺ എത്തിയിരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ടുകളും ഗതാഗത തടസവുമുണ്ടായി.