‘ഇന്ത്യ ഇപ്പോൾ റിപ്പബ്ലിക്കാണ്; സോഷ്യലിസ്റ്റ്, സെക്കുലർ വാക്കുകൾ അനാവശ്യം’-ആർ.എസ്.എസ് നേതാവിനെ പിന്തുണച്ച് ശിവസേന വനിത നേതാവ്
text_fieldsമുംബൈ: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുടെ വിവാദ പരാമർശത്തെ പിന്തുണച്ച് ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം വനിത നേതാവ് എൻ.സി. ഷൈന. 1975ന് മുമ്പുള്ള ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ലെന്ന് ഷൈന പറഞ്ഞു.
ഡോ. ബി.ആർ. അംബേദ്കറുടെ ഭരണഘടനാ ആമുഖത്തിന്‍റെ യഥാർഥ കരട് പരിശോധിക്കണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെടുന്നു. അതിൽ ഈ വാക്കുകൾ പരാമർശിക്കുന്നില്ല. ഇന്ത്യയുടെയോ നാഗരികതയുടെയോ പ്രതീകമായ സോഷ്യലിസം, മതേതരത്വം എന്നിവ എന്തുകൊണ്ട് യഥാർഥ കരടിൽ ഉണ്ടായിരുന്നില്ലെന്നും ഷൈന ചോദിച്ചു.
ഇന്ത്യ ഇപ്പോൾ ഒരു റിപ്പബ്ലിക്കാണെന്നും സോഷ്യലിസ്റ്റ്, സെക്കുലർ അല്ലെങ്കിൽ കപട സെക്കുലർ വാക്കുകൾ ഉപയോഗിക്കുന്നത് അനാവശ്യമാണെന്നുമുള്ള പശ്ചാത്തലത്തിലാണ് ഹൊസബാലെയുടെ ആവശ്യമെന്നും ഷൈന ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിലാണ് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ആവശ്യപ്പെട്ടത്. ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ അടിയന്തരാവസ്ഥ കാലത്ത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തതാണ്. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നുവെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.
“1976ലാണ് ‘സോഷ്യലിസ്റ്റ്’, ‘മതേതരത്വം’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. അടിയന്തരാവസ്ഥ കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു.
പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാ സാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു” -ഹൊസബാലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

