'ഞങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്, ഇനിയൊരു 25 വർഷം അങ്ങനെ തുടരും'; എൻ.സി.പിക്ക് മറുപടിയുമായി ശിവസേന നേതാവ്
text_fieldsഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള എൻ.സി.പി നേതാവിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ശിവസേന നേതാവ് ശിവാജിറാവു അദൽറാവു പാട്ടീൽ. ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്‍റെ അനുമതിയോടു കൂടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം എൻ.സി.പി നേതാവും എം.പിയുമായ അമോൽ ഖോലെ പറഞ്ഞത്. ഇതിനാണ് അദൽറാവു പാട്ടീലിന്‍റെ മറുപടി.
'മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിച്ചത് ശിവസേനയാണ്. ഇനിവരുന്ന 25 വർഷവും അങ്ങനെ തന്നെയായിരിക്കും' -അദൽറാവു പാട്ടീൽ പറഞ്ഞു.
അതേസമയം, വിവാദമായതോടെ തന്‍റെ പ്രസ്താവന അമോൽ ഖോലെ തിരുത്തിയിരുന്നു. തനിക്ക് ഉദ്ദവ് താക്കറെയോട് അങ്ങേയറ്റം ബഹുമാനമാണെന്നും തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.
എന്നാൽ, ശരദ് പവാർ നിർദേശം നൽകിയതോടെയാണ് അമോൽ ഖോലെ പ്രസ്താവന തിരുത്തിയതെന്ന് അദൽറാവു പറഞ്ഞു.
ബൈപാസ് റോഡ് ഉദ്ഘാടന ക്ഷണക്കത്തിൽ മുഖ്യമന്ത്രിയുടെ പേരില്ലാത്തതുമായി ബന്ധപ്പെട്ടാണ് സഖ്യകക്ഷികൾ തമ്മിൽ വാഗ്വാദം ആരംഭിച്ചത്. താനാണ് ബൈപാസിന് തുടക്കമിട്ടതെന്ന് മുൻ എം.പിയായ അദൽറാവു അവകാശപ്പെട്ടു. എന്നാൽ, താനാണ് ബൈപാസ് പൂർത്തിയാക്കിയതെന്നായിരുന്നു അമോൽ ഖോലെയുടെ വാദം. ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെയും പ്രസ്താവന നടത്തിയത്.
അതിനിടെ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് എൻ.സി.പി അറിയിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
പവാറും എൻ.സി.പിയും എൻ.ഡി.എ സഖ്യത്തിൽ ചേരണമെന്നും മഹാരാഷ്ട്രയിൽ ശിവസേന സഖ്യം വിട്ട് എൻ.ഡി.എ സർക്കാർ രൂപീകരിക്കണമെന്നും ഇന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവല പ്രസ്താവിച്ചിരുന്നു.