ഷിരൂർ മഠാധിപതി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു
text_fieldsമംഗളൂരു: ഉഡുപ്പി അഷ്ടമഠ ആസ്ഥാനമായ ഷിരൂർ മഠം മുഖ്യാധിപൻ ലക്ഷ്മിവര തീർഥ സ്വാമി (54) ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചു. വ്യാഴാഴ്ച രാവിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കൊണ്ടുവന്ന് പുലർച്ചെ ഒന്നിന് പ്രവേശിപ്പിക്കുമ്പോൾ സ്വാമി അതീവ ഗുരുതരനിലയിലായിരുന്നുവെന്ന് കെ.എം.സി അധികൃതർ അറിയിച്ചു.
മരണത്തിൽ മഠം സംശയം പ്രകടിപ്പിക്കുകയും സ്വാമിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായി അഭിഭാഷകൻ വെളിപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ചയാണ് സ്വാമി ഭക്ഷണശേഷം അവശനായത്. ആഹാരത്തിൽ വിഷം കലർന്നതായി കെ.എം.സി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. എട്ട് മണിക്കൂർ നിരന്തര ചികിത്സയിലും നിരീക്ഷണത്തിലും കഴിഞ്ഞ സ്വാമിയുടെ മരണം രാവിലെ എട്ടിനാണ് സ്ഥിരീകരിച്ചത്. സ്വാമിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായി അദ്ദേഹത്തിെൻറ അഭിഭാഷകൻ രവികുമാർ മുരുഡേശ്വർ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.
സ്വാമി രോഗബാധിതനായിരിക്കെ ഏൽപിച്ച വിഗ്രഹം ചികിത്സ കഴിഞ്ഞ് വന്നപ്പോൾ തിരിച്ചേൽപിക്കാൻ വിസമ്മതിച്ച ആറ് മഠങ്ങളുടെ അധിപന്മാർക്കെതിരെ ക്രിമിനൽ കേസ് ഫയൽചെയ്യുന്ന കാര്യവും താനുമായി ചർച്ചചെയ്തിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് രണ്ട് മണിക്കൂർ സ്വാമി സംസാരിച്ചു. നിയമനടപടിയുടെ ഒരുക്കങ്ങൾക്കിടയിലാണ് സ്വാമിയുടെ മരണമെന്ന് അഭിഭാഷകൻ പറഞ്ഞു.
പേജാവർ മഠം ജൂനിയർ അധിപതി വിശ്വവിജയ സ്വാമി മരണത്തിൽ സംശയം പ്രകടിപ്പിച്ചു. സ്വാമിയെ ആഹാരത്തിൽ വിഷം കലർത്തി കൊന്നതാണെന്ന് സഹോദരൻ ലതവ്യ ആചാര്യ ഹരിയടുക്ക പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. ഹരിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
