പുനഃസംഘടിപ്പിച്ച ദുരന്ത നിവാരണ സമിതിയിൽ ഏക്നാഥ് ഷിൻഡെ ഇല്ല; മഹായുതി സഖ്യത്തിൽ ഭിന്നത കടുത്തു?
text_fieldsമുംബൈ: സംസ്ഥാനത്തെ ദുരന്ത നിവാരണ ബോഡിയിൽ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയുടെ അസാന്നിധ്യം ചർച്ചയാകുന്നു. മഹായുതി സഖ്യത്തിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത് എന്നാണ് റിപ്പോർട്ട്.
2005ൽ മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മഹാരാഷ്ട്ര സർക്കാർ ദുരന്ത നിവാരണ ബോഡി സ്ഥാപിച്ചത്.
അടുത്തിടെ ദുരന്ത നിവാരണ ബോഡി പുനഃസംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് സമിതിയുടെ അധ്യക്ഷൻ. അതോടൊപ്പം ചീഫ് സെക്രട്ടറി സുജാത സുനൈകിനെ സി.ഇ.ഒ ആയും നിയമിച്ചു. ഉപമുഖ്യമന്ത്രിയും നഗര വികസന വകുപ്പ് മന്ത്രിയുമായ ഷിൻഡെയെ ഒമ്പതംഗ സമിതിയിൽ ഉൾപ്പെടുത്താത്തതിലാണ് ഇപ്പോൾ സംശയം ഉയർന്നിരിക്കുന്നത്. അതേസമയം, ഷിൻഡെക്കൊപ്പം ഉപമുഖ്യമന്ത്രി പദം പങ്കിടുന്ന എൻ.സി.പി നേതാവ് അജിത് പവാർ സമിതിയിലുണ്ട് തനും. പ്രത്യേകിച്ച് നഗര വികസന വകുപ്പ് ദുരന്ത നിവാരണ ബോഡിയുടെ അവിഭാജ്യമായ സാഹചര്യത്തിലാണ് സമിതിയിൽ ഷിൻഡെയെ ഉൾപ്പെടുത്താത്തത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.
മുഖ്യമന്ത്രിപദം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡ്നാവിസുമായി ഷിൻഡെക്ക് ഭിന്നതയുണ്ടായിരുന്നു. തൽകാലം ഉപമുഖ്യമന്ത്രിപദവും പ്രധാന വകുപ്പും നൽകി അനുനയിപ്പിച്ചെങ്കിലും ഇരുവർക്കുമിടയിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ടെന്ന് തന്നെയാണ് മുംബൈയിൽ നിന്നുള്ള വാർത്തകൾ നൽകുന്ന സൂചന. രൂപീകരിച്ചതു തൊട്ട്
സംസ്ഥാന സർക്കാറിൽ ഷിൻഡെയെ മാറ്റിനിർത്തുകയാണെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. ദേവേന്ദ്രഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരെ തീരുമാനിക്കുന്നത് അനന്തമായി നീണ്ടിരുന്നു. മഹായുതി സഖ്യത്തിലെ ഭിന്നതയായിരുന്നു അതിനു പിന്നിൽ.
മന്ത്രിമാർക്കിടയിൽ ജില്ലകളുടെ ചുമതല നൽകുന്നതിലും ഭിന്നത ഉടലെടുത്തിരുന്നു. എൻ.സി.പി, ബി.ജെ.പി നേതാക്കൾക്ക് യഥാക്രമം റായ്ഗഢിന്റെയും നാസിക്കിന്റെയും ചുമതല നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇത് ഷിൻഡെ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കി. ഈ ജില്ലകളുടെ ചുമതല രണ്ട് ശിവസേന മന്ത്രിമാർ ഏറ്റെടുക്കാൻ താൽപര്യപ്പെട്ടിരുന്നു. ഫഡ്നാവിസ് ഇടപെട്ട് നിയമങ്ങൾ തൽകാലത്തേക്ക് മരവിപ്പിച്ചെങ്കിലും റിപ്പബ്ലിക് ദിനത്തിൽ റായ്ഗഢ് ജില്ല ആസ്ഥാനത്ത് എൻ.സി.പി വനിത ശിശു വികസന മന്ത്രി അദിതി തത്കറെ ദേശീയ പതാക ഉയർത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

