'ആശംസകൾ-നിറഞ്ഞ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പ് നിശബ്ദമായി'; പങ്കാളിയുടെ ജന്മദിനം ആഘോഷിക്കാനായി അവൾ പറന്നത് മരണത്തിലേക്ക്
text_fieldsഹർപ്രീത് കൗർ ഹൗറ
അഹ്മദാബാദ്: ആ വാട്സ്ആപ്പ് സന്ദേശം ലളിതമായിരുന്നു. 'സന്തോഷകരമായ യാത്ര നേരുന്നൂ ഹർപ്രീത് ബേട്ടാ.' വ്യാഴാഴ്ച രാവിലെ അവൾക്ക് കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭിച്ച ആശംസ. നിർഭാഗ്യകരം! മരണത്തിനു മുമ്പ് ഹർപ്രീത് കൗർ ഹൗറക്ക് ലഭിക്കുന്ന അവസാന അനുഗ്രഹമായി അത്. നാല് വർഷമായി ലണ്ടനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന തൻ്റെ പങ്കാളി റോബിയെ കാണാനുള്ള യാത്ര യഥാർഥത്തിൽ ഹർപ്രീത് ബുക്ക് ചെയ്തത് ജൂൺ 19 ലേക്ക് ആയിരുന്നു. എന്നാൽ ജൂൺ 16-നുള്ള പങ്കാളിയുടെ ജന്മദിനം നഷ്ടമാക്കാതിരിക്കാനാണ് അവൾ യാത്രാ പദ്ധതി നേരത്തെയാക്കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിങ് 787 ഡ്രീംലൈനർ പറന്നുയർന്നപ്പോൾ ഹർപ്രീത് 22E-യിൽ ഇരിക്കുകയായിരുന്നു. അത് തന്റെ അവസാന യാത്രയാവുമെന്നറിയാതെ. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്ന തന്റെ അച്ഛനോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതിനാൽ ജോലി ചെയ്യുന്ന ബാംഗ്ലൂരിൽ നിന്ന് നേരിട്ട് ലണ്ടനിലേക്ക് പോകാതെ അവൾ അഹ്മദാബാദിലെ തൻ്റെ അമ്മയുടെ വീട്ടിലേക്ക് തിരിച്ചു. ലണ്ടൻ യാത്ര അവിടെ നിന്നാക്കാൻ തീരുമാനിച്ചു. വിധിയുടെ മറ്റൊരു ക്രൂരമായ വഴിത്തിരിവ്.
'ജൂൺ 16 ന് എൻ്റെ മകൻ്റെ ജന്മദിനം ആഘോഷിക്കാൻ അവൾ പദ്ധതിയിട്ടിരുന്നു. അവൾ പതിവായി അവനെ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് നിർഭാഗ്യകരമായി പരിണമിച്ചു. അവൾ എന്നെന്നേക്കുമായി പോയി.' ഭർതൃപിതാവ് ഹർജീത് സിങ് ഹോറ പറഞ്ഞു.
ആശംസകൾ കൊണ്ട് നിറഞ്ഞുനിന്ന കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നിശബ്ദമായി. വിനാശകരമായ വാർത്തകൾ മാത്രം. 'കുടുംബം മുഴുവൻ തകർന്നുപോയി. ഈ അപകടം ഞങ്ങളെയെല്ലാം നടുക്കി.' അമ്മാവൻ രാജേന്ദ്ര സിങ് ഹോറയും പറഞ്ഞു.
രണ്ട് ഭൂഖണ്ഡങ്ങളിൽ ജീവിച്ചിട്ടും പതിവ് വീഡിയോ കോളുകൾ, പതിവു സന്ദർശനങ്ങൾ, വേർപിരിയൽ താൽക്കാലികമാണെന്ന വിശ്വാസം എന്നിവയിലൂടെയാണ് ആ ദമ്പതികൾ ജീവിച്ചത്. 2020 ലാണ് ഹർപ്രീതും റോബിയും വിവാഹിതരായത്. കരിയറിൻ്റെ ആവശ്യകതകൾ വ്യത്യസ്ത ദിശകളിലേക്ക് അവരെ വലിച്ചിഴച്ചു. സ്വന്തം കരിയർ ആരംഭിക്കാൻ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഹർപ്രീത് ലണ്ടനിൽ ഒരു വർഷവും മൂന്ന് മാസവും പങ്കാളിയോടൊപ്പം ചെലവഴിച്ചു.
'ലണ്ടനിലേക്ക് സ്ഥിരമായി താമസം മാറാൻ അവൾ പദ്ധതിയിടുകയായിരുന്നു,' രാജേന്ദ്ര സിങ് ഹോറ പറഞ്ഞു. ആ സന്ദർശനങ്ങൾ പുതിയ ജീവിതത്തിലേക്കുള്ള പാലമായി മാറുകയായിരുന്നു. വേർപിരിഞ്ഞ് താമസിക്കുന്നതിൻ്റെ അവസാന വർഷമാണിതെന്ന് അവർ പ്രതീക്ഷിച്ചു. പക്ഷെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

