ചണ്ഡിഗഢ്: തീവ്രവാദത്തിനെതിരെ വർഷങ്ങളായി പോരാടിയ ശൗര്യ ചക്ര പുരസ്കാര ജേതാവ് ബൽവീന്ദർ സിങ്ങിനെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ തൻ താരൻ ജില്ലയിലെ വസതിയിൽ വെച്ചാണ് അജ്ഞാതരായ രണ്ടുപേർ ബൽവീന്ദർ സിങ്ങിനു നേരെ വെടിയുതിർത്തത്. അദ്ദേഹവും കുടുംബവും വർഷങ്ങളായി തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലുള്ളവരായിരുന്നു.
വീടിനകത്തു വെച്ചാണ് ബൽവീന്ദർ സിങ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. അദ്ദേഹത്തിെൻറ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകൾ കണ്ടെടുത്തു. വെടിയേറ്റ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
''മിസ്റ്റർ സിങ് ഇന്ന് കൊല്ലപ്പെട്ടു.രണ്ട് പേരാണ് ആക്രമണം നടത്തിയത്. അതിൽ ഒരാൾ അദ്ദേഹത്തിെൻറ വീട്ടിലേക്ക് പോയി അദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഞങ്ങൾ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.''-മുതിർന്ന പൊലീസ് സൂപ്രണ്ട് ദ്രുമൻ നിംബാലെ പറഞ്ഞു.
1990-91 കാലത്ത് ബൽവീന്ദർ സിങ്ങിെൻറ വീടിനു നേരെ നിരവധി തവണ തീവ്രവാദ ആക്രമണമുണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന് സംസ്ഥാന സർക്കാർ സുരക്ഷയൊരുക്കിയിരുന്നു. ഒരു വർഷം മുമ്പാണ് ലോക്കൽ പൊലീസിെൻറ ശിപാർശ പ്രകാരം ഈ സുരക്ഷ പിൻവലിച്ചത്.
ബൽവീന്ദർ സിങ് വീടിന് മുകളിൽ ബങ്കറുകൾ സ്ഥാപിക്കുക പോലും ചെയ്തിരുന്നു. 200ഓളംവരുന്ന തീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് സിങ്ങും കുടുംബവും 1990 സെപ്റ്റംബറിൽ രക്ഷപ്പെട്ടിരുന്നുവെന്ന് സർക്കാർ പറയുന്നു. സിങ്ങും സഹോദരനും ഇരുവരുടെയും ഭാര്യമാരും അഞ്ച് മണിക്കൂറോളം സമയം തീവ്രവാദികളോട് പോരാടി. അത്യാധുനിക ആയുധങ്ങളുള്ള അവരുടെ പിസ്റ്റളും കൂടാതെ സർക്കാർ നൽകിയ സ്റ്റെൻ തോക്കുകളും ഉപയോഗിച്ചായിരുന്നു തീവ്രവാദികളോടുള്ള അവരുടെ ചെറുത്തു നിൽപ്. ശക്തമായ പ്രത്യാക്രമണത്തിൽ തീവ്രവാദികൾക്ക് പിടിച്ചു നിൽക്കാനാവാതെ പിൻമാറേണ്ടി വന്നു. 1993ലാണ് ബൽവീന്ദർ സിങ്ങിനെ ശൗര്യ ചക്ര നൽകി ആദരിച്ചത്.