കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ; ജി.എസ്.ടി പരിഷ്കരണം മികച്ചതെന്ന് പ്രതികരണം
text_fieldsശശി തരൂർ
തിരുവനന്തപുരം: കർഷക വിരുദ്ധമെന്ന് കോൺഗ്രസ് വിമർശനം ഉയർത്തുന്നതിനിടെ ചരക്കുസേവന നികുതി (ജി.എസ്.ടി) പരിഷ്കരണത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് എം.പി. ശശി തരൂർ. കേന്ദ്ര സർക്കാറിന്റെ ജി.എസ്.ടി പരിഷ്കരണം മികച്ചതും എല്ലാവർക്കും ഗുണകരവും സാധാരണക്കാർക്ക് ആശ്വാസം പകരുന്നതുമാണെന്ന് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
'കോൺഗ്രസ് പാർട്ടി വർഷങ്ങളായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നതാണ്. നാല് നിരക്കുകളിൽ നിന്ന് കുറഞ്ഞത് രണ്ട് നിരക്കുകളിലേക്കെങ്കിലും മാറേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. നാല് നിരക്കുകൾ ആശയക്കുഴപ്പവും ബുദ്ധിമുട്ടും ഉണ്ടാക്കി. ഇതിൽ ആളുകൾ സന്തുഷ്ടരായിരുന്നില്ല. ഇപ്പോഴുള്ള പരിഷ്കരണം പഴയതിനെക്കാൾ മെച്ചമെന്ന് കരുതുന്നു. ഏറെ മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ' -തരൂർ ചൂണ്ടിക്കാട്ടി.
'ഒരു രാഷ്ട്രം ഒരു നികുതി' എന്നത് 'ഒരു രാഷ്ട്രം ഒമ്പത് നികുതികൾ' എന്നാക്കി മോദി സർക്കാർ മാറ്റിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ജി.എസ്.ടി റെക്കോഡ് വരുമാനത്തെ ആഘോഷിക്കുന്ന ബി.ജെ.പി സർക്കാർ, സാധാരണക്കാരിൽ നിന്ന് നികുതി പിരിക്കുന്നത് നേട്ടമായി കാണുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർക്ക് മേൽ ജി.എസ്.ടി ചുമത്തുന്നത്. കാർഷിക മേഖലയിലെ 36 സാധനങ്ങൾക്കാണ് മോദി സർക്കാർ നികുതി ചുമത്തിയിട്ടുള്ളതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ മൂന്നിന് നടന്ന 56മത് ജി.എസ്.ടി കൗൺസിൽ യോഗമാണ് ചരക്കുസേവന നികുതിയിലെ (ജി.എസ്.ടി) സമഗ്രമാറ്റത്തിന് അംഗീകാരം നൽകിയത്. 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകൾ ഉള്ളതിൽ 12, 28 ശതമാന സ്ലാബ് എടുത്തുകളഞ്ഞ് 5 %, 18% സ്ലാബുകൾ മാത്രമാക്കി. 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലേക്കും 12 ശതമാനം സ്ലാബിലുള്ള 99 ശതമാനം ഉൽപന്നങ്ങളും അഞ്ചു ശതമാനത്തിലേക്കും മാറും. ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറച്ചു.
അതേസമയം, മദ്യം, പുകയില ഉൽപന്നങ്ങൾ, കോള ഉൾപ്പെടെ മധുര പാനീയങ്ങൾ എന്നിവയെ സിൻ ഗുഡ്സ് വിഭാഗത്തിൽ പെടുത്തി 40 ശതമാനം നിരക്ക് ബാധകമാക്കും. 2500 രൂപക്ക് മുകളിലുള്ള പരുത്തി മെത്തകൾക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി നികുതി വർധിപ്പിക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്കും വാഹനങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഉൾപ്പെടെ മിക്ക സാധനങ്ങൾക്കും നികുതി കുറയുന്നതിനാൽ വില കുറയും.
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസിന് നികുതിയില്ല. 33 ജീവൻ രക്ഷാ മരുന്നുകൾക്ക് നികുതിയില്ല. 12 ശതമാനത്തിൽനിന്നാണ് പൂജ്യം ആക്കിയത്. പനീർ, ചപ്പാത്തി, കടല എന്നിവക്ക് നികുതിയില്ല. ഇലക്ട്രോണിക് അല്ലാത്ത കളിപ്പാട്ടങ്ങൾക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയും.
1500 സി.സിയിൽ കുറഞ്ഞതും നാല് മീറ്ററിൽ കുറഞ്ഞ വീതിയുമുള്ള കാറുകൾ, ആംബുലൻസ്, മൂന്നുചക്ര വാഹനങ്ങൾ, ടി.വി, മോണിറ്റർ, പ്രൊജക്ടർ, സെറ്റ്ടോപ് ബോക്സ്, ഡിഷ് വാഷിങ് മെഷീൻ, എയർ കണ്ടീഷനർ, കൂളർ, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയവക്ക് ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി.
സെപ്റ്റംബർ 22 മുതലാണ് പ്രാബല്യം. സർക്കാറിന് വരുമാന നഷ്ടമുണ്ടാവുമെങ്കിലും ഇടപാടുകൾ വർധിക്കുകയും വിപണിക്ക് ഉണർവുണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 80000 കോടി രൂപയോളം കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കായി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

