ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും; സോണിയ ഗാന്ധി സമ്മതം നൽകിയെന്ന് റിപ്പോർട്ടുകൾ
text_fieldsന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ എം.പി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ തരൂർ ഇന്ന് ഡൽഹിയിലെ വസതിയിലെത്തി കണ്ടിരുന്നു. തരൂരിന്‍റെ സ്ഥാനാർഥിത്വത്തിന് സോണിയ സമ്മതം നൽകിയതായാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 17നാണ് കോൺഗ്രസിന് പുതിയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ്.
സന്ദർശനത്തിൽ തരൂർ തന്‍റെ നിലപാട് സോണിയയോട് വിശദീകരിച്ചു. ആർക്കും മത്സരിക്കാമെന്ന മുൻ നിലപാട് തരൂരിനോടും സോണിയ ആവർത്തിച്ചതായാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ജയപ്രകാശ് അഗർവാൾ, വിജേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് തരൂർ സോണിയ ഗാന്ധിയെ കാണാനായി എത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് തരൂർ മത്സരിച്ചേക്കുമെന്ന സൂചനകളുള്ളതിനാൽ സന്ദർശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ശശി തരൂർ തള്ളിയിട്ടില്ല. ആര് മത്സരിച്ചാലും അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് തരൂർ നേരത്തെ അഭിപ്രായപ്പെട്ടത്.
ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചാൽ താനും മത്സര രംഗത്തുണ്ടാകുമെന്ന സൂചന തരൂർ നൽകിയിരുന്നു. ഗാന്ധി കുടുംബത്തിൽനിന്ന് ആരെങ്കിലുമാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെങ്കിൽ ജി-23 ഗ്രൂപ്പിന്‍റെ ഭാഗമായ നേതാക്കൾ മത്സരത്തിനുണ്ടായേക്കില്ലെന്നും വിലയിരുത്തലുണ്ട്.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് നെഹ്റുകുടുംബം പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തുനിന്ന് ഒരാൾ വരണമെന്ന് തരൂർ നേരത്തെ പറഞ്ഞിരുന്നു. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടി പ്രസിഡന്റാകട്ടെ. ജനാധിപത്യ പാർട്ടിയിൽ മത്സരം നല്ലതാണ്. അത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നുമാണ് തരൂർ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

