‘ആറ് ദിവസം കഴിഞ്ഞിട്ടും അഭിനന്ദനമില്ല’; നൊബേൽ ജേതാവ് നവി പിള്ളയെ അവഗണിച്ച കേന്ദ്രത്തിനെതിരെ വിമർശനവുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ നവി പിള്ളയെ കേന്ദ്ര സർക്കാർ അഭിനന്ദിക്കാതിരുന്ന നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. പുരസ്കാരം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇന്ത്യൻ വംശജയായ ഒരു വ്യക്തിത്വത്തെ അഭിനന്ദിക്കാൻ പോലും രാജ്യം തയാറാകാത്തത് അപലപനീയമാണെന്ന് തരൂർ തന്റെ എക്സിൽ കുറിച്ചു.
നവി പിള്ളയുടെ സേവനത്തെക്കുറിച്ചുള്ള എ.ഐ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് തരൂർ കേന്ദ്രത്തിനെതിരെ വിമർശനമുയർത്തിയത്. ‘ഇന്ത്യൻ വംശജയായ വനിത നോബൽ സമാധാന പുരസ്കാരം നേടിയിട്ട് ആറ് ദിവസങ്ങൾ കഴിഞ്ഞു. എന്നാൽ അവരുടെ പൂർവ്വികരുടെ മണ്ണായ ഇന്ത്യയുടെ ഭരണാധികാരികൾ ഇതുവരെ ഒരു അഭിനന്ദനം പോലും അറിയിച്ചിട്ടില്ല. ഇത്രയും നിന്ദ്യമായ തീരുമാനമെടുത്ത മനുഷ്യർക്ക് ലജ്ജിക്കണം,’ തരൂർ കുറിച്ചു.
ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചനത്തിനും ദാരിദ്ര്യത്തിനുമെതിരെ പൊരുതി വളർന്ന നവി പിള്ള, മുൻ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ മേധാവിയും പ്രമുഖ അഭിഭാഷകയുമാണ്. ഡർബനിൽ ജനിച്ച ഈ ഇന്ത്യൻ വംശജ ചെറുപ്പം മുതലേ ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവമായികൊണ്ടാണ് വരവറിയിച്ചത്. പിന്നീട് അവർ ദക്ഷിണാഫ്രിക്കൻ ഹൈകോടതിയിലെ ആദ്യത്തെ വെളുത്തവർഗക്കാരിയല്ലാത്ത വനിതാ ജഡ്ജിയായി മാറി. തുടർന്ന് യു.എന്നിന്റെ മനുഷ്യാവകാശ ഹൈകമീഷണർ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ജഡ്ജി എന്നീ സ്ഥാനങ്ങളിലെത്തി.
തമിഴ്‌നാട്ടിലെ ദിണ്ഡിഗൽ സ്വദേശികളായിരുന്നു നവി പിള്ളയുടെ പൂർവ്വികർ. ഇതിനിടെ തന്റെ നൊബേൽ പുരസ്കാര നേട്ടം ‘അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിലെ അതിജീവിതർക്കായി’ സമർപ്പിക്കുന്നതായി അവർ പ്രഖ്യാപിച്ചിരുന്നു. ഗസ്സ വംശഹത്യക്കെതിരെ ഉറച്ച നിലപാടെടുത്ത ഇവർ നോബേൽ പുരസ്കാരത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റ വിചാരണ നേരിടണമെന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

