പാകിസ്താനെതിരായ ഏതൊരു പ്രമേയവും യു.എൻ രക്ഷാ കൗൺസിലിൽ ചൈന വീറ്റോ ചെയ്യും; ‘വിഷമകരമായ യാഥാർത്ഥ്യം’ പങ്കുവെച്ച് ശശി തരൂർ
text_fieldsന്യൂഡൽഹി: യു.എൻ രക്ഷാ സമിതയിലെ സ്ഥിരാംഗമായ ചൈന പാകിസ്താനെതിരായ ഏതൊരു പ്രമേയവും വീറ്റോ ചെയ്യുമെന്ന ‘വിഷമകരമായ യാഥാർത്ഥ്യം’ പങ്കുവെച്ച് കോൺഗ്രസ് എം.പിയും മുൻ ഐക്യരാഷ്ട്രസഭാ നയതന്ത്രജ്ഞനുമായ ശശി തരൂർ. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ സംബന്ധിച്ച് യു.എൻ സുരക്ഷാ സമിതി ന്യൂയോർക്കിൽ നടത്തിയ അടച്ചിട്ട വാതിൽ യോഗത്തിൽ നിന്ന് ‘പ്രത്യേകമായി’ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശശി തരൂർ പറഞ്ഞു.
ഇതിനെ ഒരു ‘ദുഃഖകരമായ യാഥാർത്ഥ്യം’ എന്ന് വിശേഷിപ്പിച്ച തരൂർ, സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതും ഭീകരതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതുമായ ഒരു പ്രസ്താവനയായിരിക്കാം യോഗത്തിൽ നിന്ന് വരാൻ സാധ്യതയുള്ളതെന്നും പറഞ്ഞു. എങ്കിലും, ഇന്ത്യക്കെതിരായ ഏതൊരു പ്രമേയത്തെയും ഒന്നിലധികം രാജ്യങ്ങൾ വീറ്റോ ചെയ്യുമെന്നും ശശി തരൂർ വ്യക്തമാക്കി.
‘ചൈന വീറ്റോ ചെയ്യുമെന്നതിനാൽ യു.എൻ.എസ്.സി പാകിസ്താനെ വിമർശിക്കുന്ന പ്രമേയം പാസാക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പല രാജ്യങ്ങളും എതിർക്കുകയും ഒരു പക്ഷേ വീറ്റോ ചെയ്യുകയും ചെയ്യുമെന്നതിനാൽ അവർ നമ്മെ ( ഇന്ത്യയെ) വിമർശിക്കുന്ന പ്രമേയവും പാസാക്കില്ല’ -തിരുവനന്തപുരം എം.പി വാർത്താ ഏജൻസിയോട് പറഞ്ഞു.
കൂടുതൽ ചോദ്യങ്ങൾക്ക് മറുപടിയായി, ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ലാത്തതിനാൽ ചർച്ചയുടെ വിശദാംശങ്ങൾ വലിയതോതിൽ വെളിപ്പെടുത്താനാവില്ലെന്ന് തരൂർ വ്യക്തമാക്കി. രക്ഷാസമിതി യോഗത്തിലെ അനൗദ്യോഗിക ബ്രീഫിംഗുകൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഇവയെ ഞങ്ങൾ അടച്ചിട്ട വാതിൽ കൂടിയാലോചനകൾ എന്ന് വിളിക്കുന്നു. ഞാൻ പലതവണ അതിൽ പങ്കെടുത്തിട്ടുണ്ട്. പുറത്ത് നമ്മൾ കേൾക്കുന്നത് മുറിക്കുള്ളിലുണ്ടായിരുന്ന പ്രതിനിധികളുടെ അനൗദ്യോഗിക ബ്രീഫിംഗുകളാണ് -കോൺഗ്രസ് എം.പി കൂട്ടിച്ചേർത്തു.
കൗൺസിലിൽ 15 അംഗങ്ങളും അവരുടെ സ്വന്തം ടീമുകളും സെക്രട്ടേറിയറ്റും ഉണ്ട്. മാധ്യമങ്ങളോ പ്രേക്ഷകരോ ഉണ്ടാവില്ല. പാകിസ്താൻ 15 അംഗങ്ങളിൽ ഒന്നാണ്. ഇന്ത്യ ആ വേദിയിലില്ല. ഈ സാഹചര്യത്തിൽ തങ്ങൾക്ക് ഒരു മുൻതൂക്കം ഉണ്ടെന്ന് പാകിസ്താൻ കരുതിയേക്കും. എന്നാൽ, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഷ്കറെ തൊയ്യിബയെയും ഭീകരതയെയും കുറിച്ച് അംഗരാജ്യങ്ങൾ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചതിനാൽ യോഗം പാകിസ്താന് അനുകൂലമായി തോന്നുന്നില്ലെന്നും തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

