‘പാർട്ടി ലൈനിൽനിന്ന് മാറിയിട്ടില്ല, മോദിയെ പുകഴ്ത്തിയില്ല’; അദ്വാനിയുടെ പിറന്നാളിന് പോയത് സംസ്കാരത്തിന്‍റെ ഭാഗമെന്നും തരൂർ
text_fieldsശശി തരൂർ
സുൽത്താൻ ബത്തേരി: താൻ പാർട്ടി ലൈനിൽനിന്ന് മാറിയിട്ടില്ലെന്നും ചില കാര്യങ്ങളിൽ മാധ്യമങ്ങൾ വിവാദമുണ്ടാക്കുകയാണെന്നും കോൺഗ്രസ് എം.പി ശശി തരൂർ. ഭൂരിപക്ഷം വിഷയങ്ങളിലും പാർട്ടിക്കും തനിക്കും ഒരേ അഭിപ്രായമാണുള്ളത്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. ദേശീയ നേതൃത്വത്തിനു വേണ്ടി ഞാൻ മത്സരിച്ചു, തോറ്റു. അതോടെ അക്കഥ തീർന്നു. 17 വർഷമായി ഈ പാർട്ടിയിൽ പ്രവർത്തിച്ച ശേഷം തെറ്റിദ്ധാരണയുടെ പുറത്ത് പുറത്തേക്ക് പോകേണ്ടതില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയിട്ടില്ലെന്നും അദ്വാനിയുടെ പിറന്നാളിന് പോയത് പ്രായമുള്ള ആളോടുള്ള ബഹുമാന സൂചകമായാണെന്നും അത് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും തരൂർ പറഞ്ഞു.
“പാർട്ടി എപ്പോഴും എന്‍റൊപ്പം നിൽക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. ഞാൻ പാർട്ടി ലൈൻ വിട്ടെന്ന് ആരാണ് പറഞ്ഞത്? ചില കാര്യങ്ങളിൽ ഞാൻ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും ബേസിക് ലൈനിൽനിന്ന് ഒരിക്കലും മാറിയിട്ടില്ല. ഭൂരിപക്ഷം വിഷയങ്ങളിലും പാർട്ടിക്കും എനിക്കും ഒരേ അഭിപ്രായമാണുള്ളത്. പാർലമെന്‍റിലെ എന്‍റെ പ്രസംഗങ്ങളും മന്ത്രിമാരോടുള്ള ചോദ്യങ്ങളും നോക്കിക്കോളൂ. എല്ലാത്തിലും ക്ലിയർ ലൈനുണ്ട്. കോൺഗ്രസ് പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നുമില്ല.
പുറത്തു പറയുകയും എഴുതുകയും ചെയ്യുന്ന ചില കാര്യങ്ങളിൽ മാധ്യമങ്ങൾ വിവാദമുണ്ടാക്കുകയാണ്. തലക്കെട്ട് നോക്കുകയല്ലാതെ ആരും അത് വായിച്ചിട്ടുണ്ടാകില്ല. ഇപ്പോഴെന്തായാലും ഒരു പ്രശ്നവുമില്ല. ഞങ്ങളെല്ലാവരും ഒന്നിച്ചാണ്. 17 വർഷമായി ഈ പാർട്ടിയിൽ പ്രവർത്തിച്ച ശേഷം തെറ്റിദ്ധാരണയുടെ പുറത്ത് പുറത്തേക്ക് പോകേണ്ടതില്ല. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. ദേശീയ നേതൃത്വത്തിനു വേണ്ടി ഞാൻ മത്സരിച്ചു, തോറ്റു. അതോടെ അക്കഥ തീർന്നു. അതിൽ വലിയ പ്രശ്നമൊന്നും കാണുന്നില്ല.
എൽ.കെ. അദ്വാനിയുടെ പിറന്നാളിന് പോയത് വിവാദമാക്കേണ്ടതില്ല. 98 വയസ്സായ ഒരു മനുഷ്യനോടുള്ള മര്യാദ കാണിച്ചെന്നേയുള്ളൂ. എല്ലാ വർഷവും രാഹുൽ ഗാന്ധി ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ ആശംസ നേരാറുണ്ട്. പ്രായമുള്ളവർക്ക് ബഹുമാനം നൽകുന്നത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം നേരിട്ട് കണ്ടതാണ് ഞാൻ. അതിനെക്കുറിച്ച് എഴുതിയതും തലക്കെട്ട് മാത്രം വായിച്ച് വിവാദമുണ്ടാക്കി. ഞാൻ എവിടെയും പ്രധാനമന്ത്രിയെ പുകഴ്ത്തിയിട്ടില്ല. കോൺഗ്രസിലെ എല്ലാ നേതാക്കളുമായും ഇപ്പോഴും നല്ല ബന്ധമാണ്.
അടുത്ത മൂന്ന് മാസം തെരഞ്ഞെടുപ്പിനു വേണ്ടി ഒറ്റക്കെട്ടായി പാർട്ടി നേതാക്കൾ പ്രവർത്തിക്കും. എല്ലായ്പ്പോഴും ഉള്ളതിൽ കൂടുതലായി എന്‍റെ സാന്നിധ്യം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടാകും. മുഖ്യമന്ത്രി ആകാൻ അർഹരായ പലരും പാർട്ടിയിലുണ്ട്. ആരാകണമെന്ന് സമയമാകുമ്പോൾ തീരുമാനിക്കും” -തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

