വീണ്ടും കേന്ദ്ര സ്തുതിയുമായി തരൂർ; അതൃപ്തിയിൽ കോൺഗ്രസ്
text_fieldsന്യൂഡൽഹി: പാനമയിൽ ശശി തരൂർ നടത്തിയ മോദി സ്തുതിയിൽ കോൺഗ്രസിന് അതൃപ്തി. 2015 മുതൽ ഇന്ത്യ നടത്തിയ ഭീകരതക്കെതിരായ തിരിച്ചടികളെ കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന്, യു.പി.എ കാലത്ത് പലതവണ സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പ്രസംഗം തരൂരിനെ ടാഗ് ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേര പോസ്റ്റു ചെയ്തു.
ഓപറേഷൻ സിന്ദൂറിനുശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ പാർലമെന്ററി സംഘങ്ങളിലൊന്നിന്റെ തലവനാണ് തരൂർ. ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരർ അതിന് വില നൽകേണ്ടി വരുമെന്ന് ഈയിടെയായി മനസ്സിലാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് തരൂർ പറഞ്ഞത്. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിനെ പിടികൂടിയിട്ടും അയാളുടെ പാകിസ്താനിലെ വിലാസം തിരിച്ചറിഞ്ഞിട്ടും ഒന്നുമുണ്ടായില്ലെന്ന് തരൂർ പറഞ്ഞു. പാകിസ്താനിൽനിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് മുംബൈ ആക്രമണത്തിലെ ഭീകരർ പ്രവർത്തിച്ചത് പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇന്റലിജൻസ് ഏജൻസികൾക്കും അറിയാം. ഇതിൽ എല്ലാ തെളിവുകളുമുണ്ടായിട്ടും ഒന്നും സംഭവിച്ചില്ല.
എന്നാൽ, 2016ൽ നിയന്ത്രണരേഖക്ക് അപ്പുറം പോയി ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തു. ഇത് മുമ്പ് സംഭവിക്കാത്തതാണ്. കാർഗിൽ യുദ്ധത്തിൽപോലും നമ്മൾ നിയന്ത്രണരേഖ കടന്നിട്ടില്ല. 2019ൽ പുൽവാമ ആക്രമണമുണ്ടായപ്പോൾ നമ്മൾ നിയന്ത്രണരേഖയല്ല, അന്താരാഷ്ട്ര അതിർത്തിതന്നെ കടന്ന് ബാലാകോട്ടിലെ ഭീകരകേന്ദ്രം തകർത്തു. ഇത്തവണ നമ്മൾ ഇതിന് രണ്ടിനും അപ്പുറംപോയി.
പാകിസ്താന്റെ ഹൃദയഭൂമിയായ പഞ്ചാബിൽ പോലുമുള്ള ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെ ഒമ്പതിടങ്ങളിൽ ആക്രമണം നടത്തി. പഹൽഗാമിൽ 26 സ്ത്രീകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്കെതിരെ നടപടി അനിവാര്യമാണെന്ന് പ്രധാനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ തുടർന്നു. ഓപറേഷൻ സിന്ദൂറിന് പിന്നാലെ ശശി തരൂർ നടത്തിയ പ്രസ്താവനകൾ പൊതുവിൽ കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു.
ഓപറേഷൻ സിന്ദൂറിന് കോൺഗ്രസ് സമ്പൂർണ പിന്തുണ നൽകിയെങ്കിലും പിന്നാലെ, വെടിനിർത്തലിനെയും യു.എസ് ഇടപെടലിനെയും കുറിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തരൂർ ഉടനീളം സർക്കാർ നടപടിയെ പുകഴ്ത്തുകയാണുണ്ടായത്. തരൂർ എല്ലാ അതിരുകളും ലംഘിക്കുന്നു എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.
ഇന്ത്യൻ സംഘങ്ങളുടെ സന്ദർശനം തുടരുന്നു
പാരിസ്: പാകിസ്താൻ ലോകഭീകരതയുടെ വിളനിലമാകുന്നുവെന്നത് വിവിധ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ പാർലമെന്റ് പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങളിൽ നടത്തുന്ന സന്ദർശനം തുടരുന്നു. ഭീകരവിരുദ്ധ പോരാട്ടത്തിന് ഫ്രാൻസ് ഇന്ത്യക്ക് ഐക്യദാർഢ്യം അറിയിച്ചതായി ബി.ജെ.പി നേതാവ് രവി ശങ്കർ പ്രസാദ് പറഞ്ഞു.
വിവിധ കക്ഷിനേതാക്കളും ഉന്നത രാഷ്ട്രീയ നേതൃത്വവുമായി സംഘം ചർച്ച നടത്തി. ജെ.ഡി.യു എം.പി സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിലുള്ള സംഘം ഇന്തോനേഷ്യയിൽ വിവിധ നേതാക്കളെ കണ്ടു. ജോൺ ബ്രിട്ടാസ് എം.പിയും ഈ സംഘത്തിലാണുള്ളത്. ദക്ഷിണാഫ്രിക്കയിൽ എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യൻ പ്രവാസികളുടെ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

