'തൊഴിലില്ലാത്തവർക്ക് എങ്ങനെ ആദായ നികുതി ഇളവ് ലഭിക്കും'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂർ
text_fieldsന്യൂഡൽഹി: കേന്ദ്രബജറ്റിനെ പരിഹസിച്ച് ശശി തരൂർ എം.പി. തൊഴിലുണ്ടെങ്കിലല്ലേ വ്യക്തികൾക്ക് ആദായ നികുതി ഇളവ് ലഭിക്കുകയുള്ളൂവെന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം. തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റിൽ പരാമർശിച്ചിട്ടേ ഇല്ല. ആദായ നികുതി ഇളവിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ വ്യക്തിക്ക് ആദ്യം ഒരു വരുമാന സ്രോതസ് ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.
''സത്യം പറഞ്ഞാൽ ബി.ജെ.പി ബെഞ്ചുകളിൽ നിന്ന് നിങ്ങൾ കേട്ട കരഘോഷം മധ്യവർഗ നികുതിയിളവിന് വേണ്ടിയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾക്ക് ശമ്പളമുണ്ടെങ്കിൽ നിങ്ങൾ കുറഞ്ഞ നികുതി നൽകുന്നുണ്ട്. എന്നാൽ നമുക്ക് ശമ്പളമില്ലെങ്കിൽ എന്ത് സംഭവിക്കും എന്നതാണ് പ്രധാന ചോദ്യം''- ശശി തരൂർ പറഞ്ഞു.
വരുമാനം എവിടെ നിന്നു വരും? നിങ്ങൾക്ക് ആദായനികുതി ഇളവിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ ഒരു ജോലി ആവശ്യമാണ്. തൊഴിലില്ലായ്മയെ കുറിച്ച് ധനമന്ത്രി പരാമർശിച്ചിട്ടേയില്ല. അതുപോലെ പണപ്പെരുപ്പത്തെ കുറിച്ചും മിണ്ടിയിട്ടില്ല.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടുള്ള ബജറ്റാണിതെന്നും ബിഹാറിൽനിന്നുള്ളവർക്കും ബി.ജെ.പി സർക്കാറിന്റെ അണികൾക്കും ബജറ്റിൽ വാരിക്കോരി നൽകിയിട്ടുണ്ടെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന പാർട്ടി ബജറ്റ് ഓരോ വർഷവും ഓരോ സംസ്ഥാനത്തും ഓരോ തെരഞ്ഞെടുപ്പിലും കൂടുതൽ സൗജന്യങ്ങൾ നൽകാൻ ഉപയോഗിക്കുന്നത് വിരോധാഭാസമാണ്. സഖ്യകക്ഷികളിൽ നിന്ന് കൂടുതൽ കൈയടി നേടുന്നതിന് അവർക്ക് ഒന്നിലധികം തെരഞ്ഞെടുപ്പുകളും നടത്താം- തരൂര്‍ കൂട്ടിച്ചേർത്തു.
2025ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി നൽകേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശശി തരൂർ വിമർശനവുമായി രംഗത്തെത്തിയത്.
മധ്യവർഗത്തിന് ഗണ്യമായ ആശ്വാസം നല്‍കുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ ഇന്ന് ലോക്‌സഭ പിരിഞ്ഞിരുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്കാണ് സഭ വീണ്ടും ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

