ഇതിനെ നമുക്ക് മധ്യസ്ഥ ശ്രമം എന്ന് പറയാനാകില്ല; ഇന്ത്യ-പാക് വെടിനിർത്തലിൽ യു.എസ് പങ്കിനെ കുറിച്ച് ശശി തരൂർ
text_fieldsശശി തരൂർ
ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തലിൽ യു.എസിന്റെ പങ്കിനെ കുറിച്ച് അഭിപ്രായം പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് എം.പി ശശി തരൂർ. വെടിനിർത്തലിൽ മധ്യസ്ഥം വഹിച്ചതിന്റെ ക്രെഡിറ്റ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏറ്റെടുത്തിരുന്നു. ഇന്ത്യയും പാകിസ്താനും വെടിനിർത്താൻ പോകുന്നു എന്ന ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും അത് അംഗീകരിക്കുന്നതും. അതോടെ തന്ത്രപ്രധാനമായ ആഭ്യന്തര വിഷയത്തിൽ മൂന്നാംകക്ഷി ഇടപെട്ടതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു.
അതേസമയം, വെടിനിർത്തലിൽ യു.എസിന്റെ മധ്യസ്ഥം ഉണ്ടാകാൻ സാധ്യതയില്ലെന്നും എന്നാൽ അതിലേക്ക് നയിച്ച ചർച്ചയിൽ യു.എസ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടാകാമെന്നുമായിരുന്നു ശശി തരൂരിന്റെ അഭിപ്രായം.
ശനിയാഴ്ച വൈകീട്ടും ചർച്ചയിൽ മധ്യസ്ഥം വഹിച്ചതായി ട്രംപ് അവകാശവാദമുന്നയിച്ചിരുന്നു. വെടിനിർത്തൽ യു.എസ് പ്രസിഡന്റ് ആദ്യം പ്രഖ്യാപിച്ചതിനെ കുറിച്ച് വളരെ നിരാശാജനകമായ നടപടിക്രമം എന്നായിരുന്നു ശശി തരൂരിന്റെ മറുപടി. ഇക്കാര്യം മോദിക്കയച്ച കത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉന്നയിച്ചിരുന്നു.
അന്താരാഷ്ട്ര നയതന്ത്രത്തിൽ ഇത്തരമൊന്ന് കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും മുൻ യു.എൻ പ്രതിനിധി കൂടിയായ തരൂർ വ്യക്തമാക്കി.
''ഇതെ കുറിച്ച് ഞാൻ തുറന്നു പറയാം. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയുമായി സംസാരിച്ചിട്ടുണ്ട്. അതു കഴിഞ്ഞ് റൂബിയോ പാക് വിദേശകാര്യമന്ത്രിയുമായും ഇന്ത്യ-പാക് സംഘർഷത്തെ കുറിച്ച് സംസാരിച്ചു. സംഘർഷത്തിന്റെ സമയത്താണ് ഈ സംഭാഷണങ്ങൾ നടക്കുന്നത്. അതിനർഥം ഇന്ത്യ ചർച്ചക്ക് മധ്യസ്ഥം വഹിക്കാൻ യു.എസിനെ ചുമതലപ്പെടുത്തി എന്നല്ല. എന്നാൽ ചർച്ചയിൽ യു.എസ് തീർച്ചയായും മുഖ്യചുമതല വഹിച്ചിട്ടുണ്ടാകും. അതിനെ നമുക്ക് മധ്യസ്ഥം എന്ന് വിളിക്കാനുമാകില്ല. യു.എസ് മാത്രമല്ല, ഏതൊരു രാജ്യവും അത്തരം ചർച്ചകൾ നടത്തുന്നത് നല്ലതു തന്നെയാണ്. ജയ്ശങ്കർ യു.എ.ഇ, യു.കെ, ഫ്രാൻസ് വിദേശകാര്യ മന്ത്രിമാരുമായും സംസാരിച്ചിരുന്നുവല്ലോ. അതൊരിക്കലും ട്രംപ് അവകാശപ്പെടുന്നതു പോലെ മധ്യസ്ഥ ചർച്ചകളല്ല. കാരണം ഇന്ത്യ ഒരിക്കലും മധ്യസ്ഥ ചർച്ചകൾക്ക് അവരോട് ആവശ്യപ്പെടില്ല.''-ശശി തരൂർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

