നീറ്റ് പരീക്ഷ: മോദിക്കെതിരെ ഉർദു കവിത ഉദ്ധരിച്ച് ശശി തരൂരിന്റെ പരിഹാസം
text_fieldsന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നടപടികൾ വൈകിവന്നതാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. പ്രശസ്ത പാകിസ്താനി ഉർദു കവി മുനീർ നിയാസിയുടെ ഈരടികൾ ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ വൈകിയുള്ള ഇടപെടലിനെ തരൂർ എക്സിലൂടെ പരിഹസിച്ചത്.
‘എല്ലാ കാര്യങ്ങളും ചെയ്യാൻ ഞാൻ എപ്പോഴും വൈകാറുണ്ട്,
പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിലോ,
വാഗ്ദാനം പാലിക്കാനുണ്ടെങ്കിലോ...’
എന്ന വരികളാണ് തരൂർ പങ്കുവെച്ചത്. മേയ് മാസത്തിലുണ്ടായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വിദ്യാർഥികൾ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാൻ വൈകിയെന്ന കോൺഗ്രസിന്റെ കടുത്ത വിമർശനത്തിന്റെ തുടർച്ചയായാണ് തരൂരിന്റെ ഈ പോസ്റ്റ്.
നേരത്തെ, വിഷയത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുറ്റക്കാർക്കെതിരെ വേഗത്തിലും കടുത്തതുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, രാജ്യത്തെ യുവാക്കളുടെ ഭാവിയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്നും വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും യുവജനങ്ങളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഷയം ഉന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹി ജന്ദർ മന്ദിറിൽ നടത്തുന്ന സമരം ഒരു മാസമായി തുടർന്നുപോരുകയാണ്.സമരം ശക്തമായതോടെ കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറായെങ്കിലും സമരക്കാർ തള്ളികളഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷവും സി.ജെ.പിയും നിലപാട് കടുപ്പിച്ചു. നീറ്റ് പേപ്പർ ചോർച്ചയെച്ചൊല്ലി വർഷകാല സമ്മേളനത്തിന്റെ മൂന്നാം നാളും പാർലമെന്റ് സ്തംഭിച്ചതിനിടെ തിങ്കളാഴ്ച സി.ജെ.പി മാർച്ചിൽ വിദ്യാർഥികൾക്കുനേരെ നടന്ന അതിക്രമങ്ങൾ അടക്കം ചർച്ച ചെയ്യാമെന്ന് കേന്ദ്ര സർക്കാർ ഇരുസഭകളെയും അറിയിച്ചു. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ആദ്യം വേണ്ടതെന്നും അതിനുശേഷം മതി ചർച്ചയെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇരുകൂട്ടരും സമവായത്തിലെത്താതെ വന്നതോടെ പ്രതിപക്ഷം ഇരുസഭകളും ബുധനാഴ്ചയും സ്തംഭിപ്പിച്ചു.
നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ചും അതിനെതിരായ സമരത്തെ നേരിട്ടതിനെ കുറിച്ചും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് ലോക്സഭയിലാണ് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആദ്യം പറഞ്ഞത്. എല്ലാ പാർട്ടികളുടെയും നേതാക്കളുമായി കൂടിയാലോചിച്ച് ചർച്ചയുടെ രീതി, തീയതി, സമയം എന്നിവ സ്പീക്കർ തീരുമാനിക്കട്ടെ. സർക്കാർ സ്വീകരിച്ച നടപടികൾ ജനങ്ങൾ അറിയേണ്ടതിനാൽ വിശദമായ ചർച്ചക്ക് സർക്കാർ തയാറാണെന്നും റിജിജു കൂട്ടിച്ചേർത്തു. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടി നേതാവ് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ഈ വിഷയം കോൺഗ്രസിനും ബി.ജെ.പിക്കുമിടയിലുള്ള വിഷയമല്ലെന്നും ഇരുകൂട്ടരും തീർത്താൽ മതിയാവില്ലെന്നും പറഞ്ഞ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തങ്ങളോട് കൂടിയാലോചന നടത്താത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു. സർക്കാർ സമരത്തെ കൈകാര്യം ചെയ്തത് മോശമായ രീതിയിലാണ്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ പോലും വലിച്ചുകീറി. യുവാക്കൾക്കുവേണ്ടി പുറത്ത് സംസാരിക്കാൻ കഴിയുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് ഇവിടെ സംസാരിച്ചുകൂടെന്ന് അഖിലേഷ് യാദവ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

