'പൊലൂട്ടിയൻസ് ഡൽഹി'; ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത അധികൃതരെ പരിഹസിച്ച് ശശി തരൂരിന്‍റെ പോസ്റ്റ്
text_fieldsന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായ ഡൽഹിയെ പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. തലസ്ഥാനത്തെ പ്രമുഖ സ്ഥലങ്ങളുടെ പേരുകൾ മലിനീകരണവുമായി ബന്ധപ്പെടുത്തിയുള്ള ചിത്രങ്ങളാണ് തരൂർ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്. ഡൽഹിയിലെ വായുനിലവാരം മോശമായ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയെ പരിഹസിച്ചാണ് പോസ്റ്റ് പങ്കുവെച്ചത്.
അതേസമയം, തന്റെ കോളജിന്റെ പൂർവവിദ്യാർഥി ഗ്രൂപ്പിൽനിന്ന് ലഭിച്ച ചിത്രങ്ങളാണ് പങ്കുവെച്ചതെന്ന് തരൂർ വ്യക്തമാക്കി. ‘Picture ab bhi bAQI hain!’ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം നൽകിയ അടിക്കുറിപ്പ്. ഹിന്ദിയിലെ 'ബാക്കി' എന്ന വാക്കിനൊപ്പം വായുഗുണനിലവാര സൂചികയായ എക്യുഐ (AQI) ചേർത്താണ് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്.
ചിത്രങ്ങളിലൊന്നിൽ ഡൽഹിയുടെ എക്യുഐ 1747 എന്നും ഐക്യു (IQ) 0000 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ മലിനീകരണത്തിന്റെ രൂക്ഷതയെ അതിശയോക്തിയോടെ അവതരിപ്പിക്കുന്നതിനൊപ്പം പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന നിഷ്ക്രിയത്വത്തെയും പരിഹസിക്കുന്നതാണ് ഈ ചിത്രം. 1747 എന്നത് യഥാർഥ എക്യുഐ കണക്കല്ല, പരിഹാസരൂപേണ നൽകിയ സംഖ്യയാണ്.
മറ്റൊരു ചിത്രത്തിൽ ഡൽഹിയിലെ പ്രശസ്തമായ സ്ഥലങ്ങളുടെ പേരുകളാണ് മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിയിരിക്കുന്നത്. ലുട്ടിയൻസ് ഡൽഹിയെ 'പൊലൂട്ടിയൻസ് ഡൽഹി' (Pollutyens Delhi) എന്നും ധൗല കുവാനെ 'ധുവാൻ കുവാ' (Dhuan Kua) എന്നും ഹൗസ് ഖാസിനെ 'ഹേസ് ഖാസ്' (Haze Khas) എന്നും ചാന്ദ്നി ചൗക്കിനെ 'ചാന്ദ്നി ചോക്ക്' (Chandni Choke) എന്നുമാണ് മാറ്റിയിരിക്കുന്നത്. പുക, മൂടൽമഞ്ഞ്, ശ്വാസംമുട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയാണ് പേരുകളിൽ മാറ്റം വരുത്തിയിട്ടുള്ളത്.
ഡൽഹിയിലെ വായുമലിനീകരണത്തിനെതിരെ നേരത്തെയും തരൂർ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. തലസ്ഥാനത്തെ വായുനിലവാരം ഇന്ത്യയെ നാണംകെടുത്തുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രശ്നം പരിഹരിക്കുന്നതിനായി സ്വന്തം ചെലവിൽ പത്തുവർഷത്തോളം ഡൽഹിയിൽ ചർച്ചകളും വട്ടമേശ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടും സർക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകാത്തതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ, ഡൽഹിയിലെ വായുനിലവാരം ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. നവംബർ 10ന് രാവിലെ ആറുമണിയിലെ കണക്കുപ്രകാരം നഗരത്തിലെ ശരാശരി എക്യുഐ 311 ആണ്. ഇത് 'വളരെ മോശം' വിഭാഗത്തിലാണ്. ചില നിരീക്ഷണ കേന്ദ്രങ്ങളിൽ എക്യുഐ 400നോട് അടുത്തതായും റിപ്പോർട്ടുകളുണ്ട്. ചാന്ദ്നി ചൗക്കിലാണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയത്.

