ആർ.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ
text_fieldsന്യൂഡൽഹി: ആർ.എസ്.എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തുകയും കോൺഗ്രസ് പാർട്ടിയിൽ പരിഷ്കാരങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത മുതിർന്ന നേതാവ് ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ. ദിഗ് വിജയ് സിങ് തിരികൊളുത്തിയ പുതിയ വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദിഗ് വിജയ് സിങ്ങുമായി സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, "ഞങ്ങൾ സുഹൃത്തുക്കളാണ്, ഒരു സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം - അതിൽ ഒരു സംശയവുമില്ല" എന്ന് തരൂർ മറുപടി പറഞ്ഞു. എന്നാൽ ആർ.എസ്.എസിനെക്കുറിച്ചുള്ള ചോദ്യത്തിന് തരൂർ പ്രതികരിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയും അടക്കമുള്ളവരുടെ പഴയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ദിഗ് വിജയ് സിങ്ങിന്‍റെ പുകഴ്ത്തൽ.
ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി ഒരു ചടങ്ങിൽ പങ്കെടുക്കുന്ന പഴയ ചിത്രത്തിൽ, അദ്വാനിയുടെ അടുത്ത് തറയിൽ നരേന്ദ്ര മോദി ഇരിക്കുന്നത് കാണാം. സ്വയംസേവകരും പ്രവർത്തകരും നേതാക്കളുടെ കാൽക്കൽ തറയിൽ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി, ഇതാണ് ആ സംഘടനയുടെ ശക്തി എന്ന് ദിഗ് വിജയ് സിങ് ചിത്രത്തിനൊപ്പം കുറിക്കുകയും ചെയ്തിരുന്നു. ‘ഈ ചിത്രം വളരെ ശ്രദ്ധേയമാണ്... ആർ.എസ്.എസിലെ അടിത്തട്ടിലുള്ള സ്വയംസേവകരും (പ്രവർത്തകരും) ജനസംഘം പ്രവർത്തകരും നേതാക്കളുടെ കാൽക്കൽ തറയിൽ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി. ഇതാണ് സംഘടനയുടെ ശക്തി. ജയ് സിയ റാം’ -എന്നാണ് ദിഗ് വിജയ് സിങ് എക്സിൽ കുറിച്ചത്.
ഇത് ഏറ്റെടുത്ത ബി.ജെ.പി, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് കുടുംബത്തിലെ അംഗങ്ങൾ എങ്ങനെയാണ് പാർട്ടിയെ സ്വേച്ഛാധിപത്യപരമായി നയിക്കുന്നതെന്നും ദിഗ്‌വിജയ് സിങ്ങിന്റെ അഭിപ്രായത്തോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി ധൈര്യം കാണിക്കുമോ എന്നുമാണ് ബി.ജെ.പി വക്താവ് സി.ആർ. കേശവൻ ചോദിച്ചത്.
കോൺഗ്രസ് പാർട്ടിയിൽ പരിഷ്കാരങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ദിഗ് വിജയ് സിങ് ദിവസങ്ങൾക്ക് മുമ്പ് കത്തെഴുതിയിരുന്നു. പാർട്ടിക്ക് കൂടുതൽ പ്രായോഗികമായ വികേന്ദ്രീകൃത പ്രവർത്തനം ആവശ്യമാണെന്നും എന്നാൽ ഗാന്ധിയെ സമ്മതിപ്പിക്കാൻ എളുപ്പമല്ല എന്നെല്ലാം കത്തിൽ ഉണ്ടായിരുന്നു. കത്ത് അയച്ച് ഒരാഴ്ച പിന്നിട്ടിരിക്കെയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

