വേറൊരു ബി.ജെ.പിയാകാൻ നോക്കിയാൽ കോൺഗ്രസ് വട്ടപ്പൂജ്യമാകും, ഹിന്ദുത്വയും ഹിന്ദു മതവും വേറെ -ശശി തരൂർ
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ചെറുപതിപ്പായി മാറാൻ ശ്രമിക്കുന്നത് കോൺഗ്രസിന് അപകടകരമാണെന്നും അങ്ങിനെ സംഭവിച്ചാൽ പാർട്ടി തന്നെ ഇല്ലാതാകുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ബി.ജെ.പിയുടെ രാഷ്ട്രീയ സന്ദേശം വെള്ളംചേർത്ത് നൽകുന്ന പാർട്ടിയല്ല കോൺഗ്രസ്. പാർട്ടിയിൽ ഇന്ത്യൻ മതേതര മൂല്യങ്ങൾ വളരെ സജീവമാണ്- തരൂർ പറഞ്ഞു. 'ദി ബാറ്റിൽ ഓഫ് ബിലോങ്ങിങ്' (സ്വന്തമാക്കാനുള്ള പോരാട്ടം) എന്ന അദ്ദേഹത്തിെൻറ പുതിയ പുസ്തകത്തെക്കുറിച്ച് പി.ടി.ഐ വാർത്ത ഏജൻസിയോട് സംസാരിക്കുകയായിരുന്നു തരൂർ.
കോൺഗ്രസിനെതിരെ ഗൗരവതരമായ രീതിയിൽ മൃദു ഹിന്ദുത്വ ആരോപണം ഉയർന്നിട്ടുണ്ട്. എങ്കിലും ബി.ജെ.പിയുടെ മറ്റൊരു രൂപമായി മാറാൻ പാർട്ടിയെ അതിലുള്ളവർ അനുവദിക്കില്ല. ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തേയും ഹിന്ദു മതത്തേയും വേർതിരിച്ച് തന്നെയാണ് കോൺഗ്രസ് മനസിലാക്കുന്നത്. മുൻവിധികളില്ലാതെ എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുമതം. ഹിന്ദുത്വ എന്നത് ചിലരെ മാത്രം ഉൾക്കൊള്ളുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. താൻ ക്ഷേത്രത്തിൽ പോയേക്കാമെങ്കിലും ഹിന്ദുത്വയുടെ ഏതെങ്കിലും രൂപത്തെ പിന്തുണക്കുന്ന ഒരാളാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.
സിദ്ധാന്തത്തിലും പ്രയോഗത്തിലും മതേതരത്വം രാജ്യത്ത് അപകടാവസ്ഥയിലാണ്. ഭരണത്തിലിരിക്കുന്നവർ മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ നിന്ന് എടുത്തു മാറ്റിയേക്കാം. എങ്കിലും വെറുപ്പിെൻറ ശക്തികൾക്ക് രാജ്യത്തിെൻറ മതേതര സ്വഭാവം ഇല്ലാതാക്കാൻ കഴിയില്ല. അടിസ്ഥാന സ്വഭാവംകൊണ്ട് ഭരണഘടന മതേതരമായി തുടരുമെന്നും തരൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

