ജാമ്യാപേക്ഷ മാറ്റി; ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശർജീൽ ഇമാം
text_fieldsശർജീൽ ഇമാം
ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് ശർജീൽ ഇമാം പിന്മാറി. തെരഞ്ഞെടുപ്പിന്റെ സമയമടുക്കുമ്പോൾ ജാമ്യത്തിലിറങ്ങാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ, കോടതി ജാമ്യാപേക്ഷ ഒക്ടോബർ അവസാനത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് പിന്മാറ്റമെന്നും ജയിലിൽനിന്നിറക്കിയ പ്രസ്താവനയിൽ ശർജീൽ അറിയിച്ചു.
സെപ്റ്റംബർ രണ്ടിന് ഡൽഹി ഹൈകോടതി തന്റെ ജാമ്യ ഹരജി തള്ളിയപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇടക്കാല ജാമ്യം ലഭിക്കുന്നതിൽ അവിടെയും പരാജയപ്പെട്ടുവെന്നും പ്രസ്താവനയിലുണ്ട്. ഭരണകൂടം വഴിയിൽ അനേകം പ്രതിബന്ധങ്ങൾ തീർത്തിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും മണ്ഡലത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാനും വ്യക്തിപരമായി എനിക്ക് സാധിക്കില്ല. ഈ സാഹചര്യത്തെ ഞാൻ തീർച്ചയായും മുൻകൂട്ടി കാണുകയും അതിനായി തയാറെടുക്കുകയും ചെയ്തിരുന്നു.
പക്ഷേ, എന്നെപ്പോലൊരു രാഷ്ട്രീയതടവുകാരൻ നേരിടുന്ന കർശനമായ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ, പ്രത്യേകിച്ച് പുറംലോകവുമായി ആശയവിനിമയം നടത്തുന്നതിനുള്ള കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു മാസം എന്നത് തീർത്തും അപര്യാപ്തമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്ന് മാസങ്ങളായി ഇതിനായി അഹോരാത്രം പരിശ്രമിച്ച സംഘത്തിനും ബഹാദൂർഗഞ്ചിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ ശർജീൽ ജയിൽ മോചിതനാകുന്ന മുറക്ക് താനും അവരിലൊരാളായി ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

