ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടക്കാല ജാമ്യം തേടി ഷർജീൽ ഇമാം
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം തേടി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റും ജെ.എൻ.യുവിലെ മുൻ ഗവേഷണ വിദ്യാർഥിയുമായ ഷർജീൽ ഇമാം. ഷർജീൽ ഡൽഹി കോടതിയെ സമീപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹി കലാപ ഗൂഢാലോചന കേസ് പരിഗണിക്കുന്ന കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജപാക്ക് മുമ്പാകെയാണ് ഷർജീൽ ഇടക്കാല ജാമ്യാപേക്ഷ സമർപിച്ചത്. ഒക്ടോബർ 15 മുതൽ ഒക്ടോബർ 29 വരെ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
താൻ ഒരു രാഷ്ട്രീയ തടവുകാരനാണെന്ന് ഇടക്കാല ജാമ്യാപേക്ഷയിൽ അദ്ദേഹം പറഞ്ഞു. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബഹദൂർഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ഇമാം ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി ജയിലിൽ കഴിയുകയാണ് ഷർജിൽ ഇമാം. 2019 ഡിസംബറിൽ ഡൽഹിയിലും 2020 ജനുവരിയിൽ അലിഗഢ്, അസൻസോൾ, ചക്ബന്ദ് എന്നിവിടങ്ങളിലും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് 2020 ജനുവരിയിൽ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയത്. ജാമ്യാപേക്ഷ പലതവണ നൽകിയിട്ടും നിരന്തരം നിരസിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

