ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം
text_fieldsഷർജീൽ ഇമാം
ന്യൂഡൽഹി: ഗൂഢാലോചനക്കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന വിദ്യാർഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ഒക്ടോബർ 4 മുതൽ 10 വരെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് കോടതി ഇളവ് അനുവദിച്ചത്. ഷർജീൽ ഇമാമിന്റെ സഹോദരൻ മുസമ്മിൽ ഇമാം 'എക്സി'ലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
'ഞങ്ങളുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സഹോദരൻ ഷർജീൽ ഇമാമിന് ഒക്ടോബർ 4 മുതൽ 10 വരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്,' എന്ന് മുസമ്മിൽ 'എക്സി'ൽ കുറിച്ചു. 2020 ജനുവരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷർജീൽ ഇമാം, ഡൽഹി കലാപത്തിലെ 'വലിയ ഗൂഢാലോചന' ആരോപിക്കപ്പെട്ട കേസിൽ വിചാരണത്തടവുകാരനായി ജയിലിൽ തുടരുകയാണ്.
നേരത്തെ, ഇക്കഴിഞ്ഞ മാർച്ചിൽ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി കോടതി ഷർജീലിന് പത്ത് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ജയിലിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ പതിവ് ജാമ്യാപേക്ഷകൾ ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണ്. ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യഹരജികളിൽ ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ച് അടുത്തിടെ വാദം കേൾക്കാനിരുന്നെങ്കിലും, അഡീഷണൽ സോളിസിറ്റർ ജനറലിന്റെ അസൗകര്യം മൂലം നടപടികൾ സെപ്റ്റംബർ 30-ലേക്ക് മാറ്റിവെച്ചിരുന്നു. ഇതിനിടയിലാണ് കുടുംബത്തിലെ മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ ഏതാനും ദിവസത്തെ താൽക്കാലിക ആശ്വാസമായി ഇടക്കാല ജാമ്യം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

