Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇതൊരു അപകടമാണ്,...

‘ഇതൊരു അപകടമാണ്, രാഷ്ട്രീയമില്ല...’; വിമാനാപകടത്തിൽ ദുരൂഹത തള്ളിക്കളഞ്ഞ് ശരദ് പവാർ

text_fields
bookmark_border
‘ഇതൊരു അപകടമാണ്, രാഷ്ട്രീയമില്ല...’; വിമാനാപകടത്തിൽ ദുരൂഹത തള്ളിക്കളഞ്ഞ് ശരദ് പവാർ
cancel

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അനന്തരവനുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിൽ ദുരൂഹതയില്ലെന്ന് എൻ.സി.പി -എസ്.സി.പി അധ്യക്ഷൻ ശരദ് പവാർ.

വിമാനം തകർന്നുവീണത് പൂർണമായും ഒരു അപകടമാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു അപകടമാണ്, ഇതിൽ രാഷ്ട്രീയമില്ല. ചിലർ സംഭവത്തിന് രാഷ്ട്രീയ നിറം നൽകാൻ ശ്രമിക്കുകയാണ്. കുടുംബത്തിനും മഹാരാഷ്ട്ര ജനതക്കും ഇത് വലിയ ദുഃഖമാണ് ഉണ്ടാക്കിയത്. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു’ -ശരദ് പവാർ വ്യക്തമാക്കി.

നേരത്തെ, അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തുവന്നിരുന്നു. അപകടത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടി മമത ഉന്നയിച്ച ആരോപണം വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. സുപ്രീംകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മമത ബാനർജി മറ്റൊരു ഏജൻസിയിലും തങ്ങൾക്ക് വിശ്വാസമില്ലെന്നും കൂട്ടിച്ചേർത്തു.

2023ൽ എൻ.സി.പി പിളർത്തി ബി.ജെ.പി പാളയത്തേക്ക് കൂറുമാറിയ അജിത്, ശരദ് പവാർ പക്ഷേത്തേക്ക് മടങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഞെട്ടിക്കുന്ന ദുരന്തം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മഹാരാഷ്ട്രയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്ന അഞ്ചാമത്തെ പ്രബല നേതാവാണ് അജിത്. അതേസമയം, മനുഷ്യത്വമില്ലാത്ത പ്രതികരണമാണ് മമതയുടേതെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി.

ബുധനാഴ്ച രാവിലെ 8.45ഓടെ ബാരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നുവീഴുകയായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള വി.എസ്.ആർ വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിന്റെ ചെറുവിമാനമാണ് അപകടത്തിൽ കത്തിനശിച്ചത്. മുംബൈയിൽനിന്ന് രാവിലെ എട്ടിനാണ് പൊതുപരിപാടിയിൽ പങ്കെടുക്കാനായി അജിതും അംഗരക്ഷകർ ഉൾപ്പെടെ നാലു പേരും വിമാനത്തിൽ യാത്ര തിരിച്ചത്.

അജിത് പവാറിനെ കൂടാതെ, സുരക്ഷ ജീവനക്കാരൻ വിദീപ് യാദവ്, ഫ്ലൈറ്റ് അറ്റൻഡന്‍റ് പിങ്കി മാലി, പൈലറ്റുമാരായ സുമിത് കപൂർ, ശംഭവി പഥക് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ജില്ല പരിഷത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുണ ജില്ലയിലെ വിവിധ റാലികളിൽ പങ്കെടുക്കാനാണ് അജിത് ബാരാമതയിലേക്ക് പോയത്. അജിത്തിന്‍റെ സംസ്കാരം വ്യാഴാഴ്ച ബാരാമതിയിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarAjit PawarBaramati Plane Crash
News Summary - Sharad Pawar Rules Out Conspiracy, Says 'Purely An Accident...'
Next Story