'ആത്മാഭിമാനമുള്ള ആർക്കും ഈ സ്ഥാനത്ത് തുടരാനാവില്ല' -ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ശരദ് പവാർ
text_fieldsമുംബൈ: സംസ്ഥാനത്ത് ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർ ഭഗത് സിങ് കോശിയാരിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ.
ആത്മാഭിമാനമുള്ള ആർക്കും ഈ സ്ഥാനത്ത് തുടരാനാവില്ല. ഗവർണർ ഭഗത് സിംഗ് കോശിയാരി പ്രസ്താവനകളിൽ സൂക്ഷമത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
ഗവർണറുടെ കത്തിലെ ഭാഷ പ്രയോഗങ്ങളിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനക്ക് ആത്മാഭിമാനമുള്ള ആരും തസ്തികയിൽ തുടരണോ വേണ്ടയോ എന്ന് ചിന്തിക്കുമെന്നും ശരദ് പവാർ പറഞ്ഞു.
ഗവർണർ ഭഗത് സിംഗ് കോശിയാരി ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ആശങ്ക ഉന്നയിച്ചിട്ടുണ്ടെങ്കിൽ അതിൽ പ്രാധാന്യമുണ്ടെന്നും ശരദ് പവാർ പറഞ്ഞു. ഒസ്മനാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
േകാശിയാരി വാക്കുകൾ നന്നായി തെരഞ്ഞെടുക്കാമായിരുന്നുവെന്ന് അമിത് ഷാ പ്രതികരിച്ചിരുന്നു.
ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നത് നീട്ടിവെക്കുന്നത് തുടരാൻ നിങ്ങൾക്ക് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ അല്ലെങ്കിൽ നിങ്ങൾ വെറുത്ത 'മതേതര'ത്തിലേക്ക് പെട്ടെന്ന് മാറിയോ?'' എന്ന് ഗവർണർ ഭഗത് സിങ് കോശിയാരി മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തിൽ ചോദിച്ചിരുന്നു.
എന്നാൽ ഗവർണറുടെ കത്തിന് ഉദ്ധവ് താക്കറെ ശക്തമായ തിരിച്ചടി നൽകി. ഹിന്ദുത്വത്തെക്കുറിച്ച് മതപ്രഭാഷണം നടത്തേണ്ട ആവശ്യമില്ലെന്ന് ഗവർണക്ക് താക്കറെ മറുപടി നൽകിയിരുന്നു.