മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം; ഷിൻഡെയെ കണ്ട് ശരദ് പവാർ
text_fieldsശരദ് പവാർ ഇന്നലെ ഏക്‌നാഥ് ഷിൻഡെയെ സന്ദർശിച്ചു
മുംബൈ: വിവാദങ്ങൾക്കിടെ എൻ.സി.പി നേതാവ് ശരദ് പവാറും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും തമ്മിൽ കൂടിക്കാഴ്ച നടത്തി. നിയമസഭാ മന്ദിരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ച വെറുമൊരു സന്ദർശനം മാത്രമാണെന്നാണ് ഷിൻഡെ ഓഫിസ് നൽകുന്ന ഔദ്യോഗിക വിശദീകരണമെങ്കിലും, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് വലിയ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം സംബന്ധിച്ച ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുത്തതിന് ശേഷമാണ് ശരദ് പവാർ നേരിട്ട് ഏകനാഥ് ഷിൻഡെയുടെ ചേംബറിലെത്തിയത്. കാബിനറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്ന ഷിൻഡെ, പവാറിന്റെ വരവറിഞ്ഞ് യോഗം താൽക്കാലികമായി നിർത്തിവെച്ച് അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. ജയന്ത് പാട്ടീൽ, ജിതേന്ദ്ര അവാദ്, ശശികാന്ത് ഷിൻഡെ തുടങ്ങിയ മുതിർന്ന നേതാക്കളും പവാറിനൊപ്പമുണ്ടായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ പശ്ചാത്തലം രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ (യു.ബി.ടി) ആറ് ലോക്സഭാ എം.പിമാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിലേക്ക് കൂറുമാറിയത് മഹാ വികാസ് അഘാഡി (എം.വി.എ) മുന്നണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് പവാറിന്റെ സന്ദർശനം. എൻ.സി.പി (എസ്.പി) നേതൃത്വത്തിൽ ചില വിഭാഗങ്ങൾ എൻ.ഡി.എയിൽ ചേരണമെന്ന് സമ്മർദ്ദം ചെലുത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കൂടിക്കാഴ്ചയിൽ പവാർ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ എൻ.ഡി.എയിൽ ചേരാനുള്ള നീക്കത്തിൽ ദുരൂഹതയേറുകയാണ്.
അതേസമയം, മഹാരാഷ്ട്രയിലെ ഭരണമുന്നണിയായ 'മഹായുതി'യുടെ പ്രധാന തന്ത്രജ്ഞനായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണുന്നതിന് പകരം, ഷിൻഡെയെ നേരിട്ട് കാണാൻ പവാർ തീരുമാനിച്ചത് ബി.ജെ.പി കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളിലും മറ്റും എം.വി.എ സഖ്യം നേരിട്ട തളർച്ചയും സഖ്യത്തിന്റെ യോജിപ്പിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായിരുന്ന സച്ചിൻ അഹിർ ഉൾപ്പെടെയുള്ളവർ ഷിൻഡെ പാളയത്തിലെത്തിയത് എം.വി.എയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. കൂടിക്കാഴ്ച കേവലം സൗഹൃദ സന്ദർശനം മാത്രമാണെന്ന് ഷിൻഡെയുടെ ഓഫീസ് അവകാശപ്പെടുന്നുണ്ടെങ്കിലും, സംസ്ഥാന രാഷ്ട്രീയത്തിലെ ഈ നിർണായക ഘട്ടത്തിൽ ഇത് വലിയൊരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

