ബി.ജെ.പിയെ പിന്തുണക്കുന്നവരുമായി കൂട്ടില്ല; ലയന നീക്ക വാർത്തകൾ തള്ളി ശരദ് പവാർ
text_fieldsമുംബൈ: കുടുംബ ചടങ്ങിൽ അജിത് പവാറിനൊപ്പമുള്ള ചിത്രം പുറത്തുവന്നതിനു പിന്നാലെ ഉയർന്ന ലയന വാർത്തയെ പൂർണമായി തള്ളി എൻ.സി.പി (എസ്.പി) പ്രസിഡന്റ് ശരദ് പവാർ. ബി.ജെ.പിയുമായി സഖ്യം ചേർന്നവരുമായി ഒരു തരത്തിലുള്ള കൂട്ടുമില്ലെന്ന് ശരദ് പവാർ മുംബൈയിൽ വ്യക്തമാക്കി. ആഗസ്റ്റ് ആദ്യവാരത്തിൽ മുംബൈയിൽ നടന്ന ശരദ് പവാറിന്റെ പേരമകന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് സഹോദര പുത്രൻ കൂടിയായ എൻ.സി.പി (അജിത്) പ്രസിഡന്റ് അജിത് പവാറിനൊപ്പം ഇരിക്കുന്ന ചിത്രം പുറത്തു വന്നത്. ഇതോടെയാണ് രണ്ടുമാസം മുമ്പ് ഉയർന്നുവന്ന എൻ.സി.പി ലയന വാർത്തകൾ വീണ്ടും സജീവമായത്. എന്നാൽ, മാധ്യമ വാർത്തകളെ അർത്ഥശങ്കക്കിടയില്ലാതെ തന്നെ ശരദ് പവാർ തള്ളി. ബി.ജെ.പിയുമായി അധികാരം പങ്കിടുന്ന ഒരു കക്ഷിയുമായും എൻ.സി.പിക്ക് സഹകരണമോ പിന്തുണയോ ഉണ്ടാവില്ലെന്നാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും ഇൻഡ്യ മുന്നണി നേതാക്കളിൽ ഒരാളുമായ പവാറിന്റെ പ്രതികരണം.
2023ലാണ് എൻ.സി.പിയെ പിളർത്തി അജിത് പവാർ പുതിയ പാർട്ടി രൂപീകരിച്ച് ബി.ജെ.പിക്കൊപ്പം ചേർന്നത്. 40 എം.എൽ.എമാരുമായി എൻ.ഡി.എയിലേക്ക് കൂടുമാറിയ അദ്ദേഹം പാർട്ടിയെ പിളർത്തി.
രാഷ്ട്രീയമായി വിരുദ്ധ ചേരികളിലായെങ്കിലും അടുത്ത ബന്ധുക്കളായ ശരദ് പവാറും അജിത് പവാറും കുടുംബ വേദികളിലും മറ്റും നിരവധി തവണ ഒന്നിച്ചെത്തുന്നതും കൂടികാഴ്ചകൾ നടത്തുന്നതും മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തുന്നത് പതിവായി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. കോൺഗ്രസ് ഒറ്റക്കു മത്സരിക്കാനും, ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ പാർട്ടിയും ഒന്നിച്ച് മത്സരിക്കുന്നത് സംബന്ധിച്ചും വാർത്തകൾ പുറത്തു വരുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ജൂണിലും ശരദ് പവാറും അജിത് പവാറും തമ്മിലെ കൂടികാഴ്ചകൾക്കു പിന്നാലെ ലയനം സംബന്ധിച്ച വാർത്തകൾ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

