രാഹുലിന്റെ ‘വോട്ട് മോഷണ’ വാദം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കണമെന്ന് ശരദ് പവാർ
text_fieldsന്യൂഡൽഹി: ‘വോട്ട് മോഷണ’വുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ അവതരണം വളരെ നന്നായി ഗവേഷണം ചെയ്ത് രേഖപ്പെടുത്തിയതാണെന്നും ഇക്കാര്യം പരിശോധിക്കേണ്ടത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനാണെന്നും എൻ.സി.പി (എസ്.പി) പ്രസിഡന്റ് ശരദ് പവാർ.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി കൂടുതൽ ശ്രദ്ധാലുക്കളാവണമായിരുന്നുവെന്നും നാഗ്പൂരിൽ ഒരു പത്രസമ്മേളനത്തിൽ പവാർ സമ്മതിച്ചു. ‘നമ്മൾ അത് നേരത്തെ പരിശോധിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമായിരുന്നു’ -അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ ഒരു ‘സ്ഥാപനവൽക്കരിക്കപ്പെട്ട മോഷണം’ എന്ന് വിശേഷിപ്പിച്ച് പവർ പോയന്റ് പ്രസന്റേഷൻ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ദരിദ്രരുടെ വോട്ടവകാശം കവർന്നെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ‘മോഷണം’ നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുമായി പരസ്യമായി ഒത്തുകളിക്കുകയാണെന്നും രാഹുൽ അവകാശപ്പെട്ടു.
വിശദമായ തെളിവുകളോടെയാണ് രാഹുൽ തന്റെ അവതരണം നടത്തിയതെന്നും കമീഷൻ ഇത് പരിശോധിക്കണമെന്നും ശരദ് പവാർ പറഞ്ഞു. രാഹുൽ ഗാന്ധി ആതിഥേയത്വം വഹിച്ച അത്താഴ വിരുന്നിൽ ശിവസേന (യു.ബി.ടി) പ്രസിഡന്റ് ഉദ്ധവ് താക്കറെ ഇരുന്ന സ്ഥാനം അനാവശ്യമായ വിവാദമാക്കിയെന്നും മുതിർന്ന നേതാവ് പറഞ്ഞു.
‘ഒരു പവർപോയന്റ് പ്രസന്റേഷൻ ഉണ്ടായിരുന്നു. സ്‌ക്രീനിൽ അത് കാണുമ്പോൾ ഞങ്ങൾ മുന്നിലല്ല. ഫാറൂഖ് അബ്ദുല്ലയും ഞാനും പിന്നിലാണ് ഇരുന്നത്. അതുപോലെ, ഉദ്ധവ് താക്കറെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അവതരണം ശരിയായി കാണാൻ പിന്നിൽ ഇരുന്നു’-അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 9ന് നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇതുവരെ നിലപാട് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനന്തരവൻ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എൻ.സി.പിയുമായി തന്റെ വിഭാഗം കൈകോർക്കുമെന്ന അഭ്യൂഹങ്ങളും പവാർ തള്ളിക്കളഞ്ഞു. ‘ബി.ജെ.പി നയിക്കുന്ന ഒരു സഖ്യവുമായി ഞങ്ങൾ ഒരിക്കലും സഖ്യമുണ്ടാക്കില്ല’ -അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

