ശരദ് പവാറും ഉദ്ധവ് താക്കറെയും തെരുവിലിറങ്ങും; മുംബൈയിലും കർഷക സമരം ഒരുങ്ങുന്നു
text_fieldsമുംബൈ: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി റിപ്പബ്ലിക് ദിനത്തിൽ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പ്രക്ഷോഭത്തിന് ഒരുക്കങ്ങൾ. സമരത്തിൽ മുൻ കേന്ദ്ര കൃഷിമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാറും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയും പങ്കെടുത്തേക്കും.
ശനിയാഴ്ച മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രാക്ടറുകൾ അടക്കമുള്ള വാഹനങ്ങളിൽ കർഷകർ മുംബൈയിൽ എത്തും. 25ന് രാജ്ഭവനിലേക്ക് കൂറ്റൻ റാലി നടത്തും. വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകും. റിപ്പബ്ലിക് ദിനത്തിൽ ആസാദ് മൈതാനത്ത് പതാക ഉയർത്തും.
കർഷകർ, തൊഴിലാളികൾ, മത- സാംസ്കാരിക സംഘടനകൾ എന്നിവർ പങ്കെടുക്കുമെന്ന് കിസാൻ സഭ ദേശീയ നേതാവ് അശോക് ധാവ്ളെ പറഞ്ഞു. സമരത്തിെൻറ മുന്നോടിയായി 'കിസാൻ അലയൻസ് മോർച്ച'യുടെ നേതൃത്വത്തിൽ ശനിയാഴ്ച നഗരത്തിൽ കൂറ്റൻ പ്രകടനം നടന്നു. കർഷക നേതാവ് രാജുഷെട്ടി, ആക്ടിവിസ്റ്റ് മേധാപട്കർ തുടങ്ങിയവർ പങ്കെടുത്തു.

