മുംബൈ: രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോവാദികൾ പദ്ധതിയിട്ടുവെന്ന പുണെ പൊലീസിെൻറ വെളിപ്പെടുത്തൽ ചോദ്യം ചെയ്്ത് എൻ.സി.പി അധ്യക്ഷൻ ശരത് പവാറും. സഹതാപം നേടാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല ഇതെന്ന് പുണെയിൽ ഞായറാഴ്ച നടന്ന എൻ.സി.പി പശ്ചിമ മഹാരാഷ്ട്ര യൂനിറ്റ് പ്രതിഷേധറാലിയിൽ പവാർ പറഞ്ഞു.
അത്തരം ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് ചോർത്തി നൽകലല്ല പതിവ്. അതിെൻറ സത്യാവസ്ഥ സൂക്ഷ്മമായി അന്വേഷിച്ച് നടപടികൈക്കൊള്ളലാണെന്നും അദ്ദേഹം പറഞ്ഞു. ഭിമ-കൊരെഗാവ് സംഘർഷത്തിന് പിന്നിൽ ആരാണെന്ന് ലോകത്തിന് അറിയാം. എന്നാൽ, അതുമായി ബന്ധമില്ലാത്തവർക്ക് എതിരെയാണ് പൊലീസ് നടപടികളെല്ലാം. മോദി സർക്കാറിന് എതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുമെന്നും വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും പവാർ പറഞ്ഞു