ശാന്തിനഗറിൽ മലയാളിക്കെതിരെ അങ്കത്തട്ടിൽ മലയാളി
text_fieldsബംഗളൂരു: ബംഗളൂരു നഗര ജില്ലയിലെ ശാന്തിനഗർ നിയമസഭ മണ്ഡലത്തിൽ മലയാളിയങ്കം. സിറ്റിങ് എം.എൽ.എയും കോൺഗ്രസ് സ്ഥാനാർഥിയുമായ എൻ.എ. ഹാരിസിനെതിരെ മത്സരിക്കുന്നത് ആം ആദ്മി പാർട്ടി ടിക്കറ്റിൽ രേണുക വിശ്വനാഥനാണ്.
പാലക്കാട് മാങ്കുറുശ്ശി സ്വദേശിയായ രേണുക വിശ്വനാഥൻ മുൻ െഎ.എ.എസ് ഉദ്യോഗസ്ഥയാണ്. കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ടി.സി. രാഘവെൻറയും ഡോ. ചെമ്പകത്തിെൻറയും മകളായ രേണുകക്കിത് കന്നിയങ്കമാണ്. കാസർകോട് കീഴൂർ നാലപ്പാട് കുടുംബാംഗമായ ഹാരിസ് 2004 മുതൽ തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. കഴിഞ്ഞ രണ്ടു തവണയും വിജയിയായിരുന്നു.
കർണാടകയിലെ ആദ്യ വനിത ഡെപ്യൂട്ടി കമീഷണറായിരുന്ന രേണുക മൂന്നര പതിറ്റാണ്ടിലേറെയുള്ള സിവിൽ സർവിസിനു ശേഷമാണ് എ.എ.പിയിൽ ചേരുന്നത്. അരവിന്ദ് കെജ്രിവാളിെൻറ ആദ്യ വിജയമാണ് പാർട്ടിയിൽ ചേരാൻ മതിപ്പുണ്ടാക്കിയത്.
കള്ളപ്പണമില്ലാതെ തെരഞ്ഞെടുപ്പില്ലാത്ത നമ്മുടെ നാട്ടിൽ എ.എ.പിയെ പോലുള്ള ഒരു പാർട്ടിയിൽനിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത് പുതിയൊരനുഭവമാണെന്ന് രേണുക വിശ്വനാഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വീടുകയറിയുള്ള പ്രചാരണത്തിലാണ് ശ്രദ്ധ. അതുകാരണം സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറെ മനസ്സിലാക്കാനാവുന്നു. അവർക്ക് പങ്കുവെക്കാൻ ഒരുപാട് പ്രശ്നങ്ങളുണ്ട്. പക്ഷേ, അതുകേൾക്കാൻ പൊതുവെ രാഷ്ട്രീയ പാർട്ടികൾ തയാറാവുന്നില്ല. രാഷ്ട്രീയക്കാരെ കേൾക്കാൻ ജനങ്ങൾ നിർബന്ധിതരാവുകയാണ് -അവർ പറഞ്ഞു.
കുറച്ചുകാലമായി ബംഗളൂരുവിൽ സാമൂഹിക പ്രവർത്തനങ്ങളുമായി രേണുക സജീവമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയോഗിക്കുേമ്പാൾ അത് തെൻറ ധർമമായാണ് മനസ്സിലാക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജയിക്കാനായാണ് രംഗത്തിറങ്ങിയത്. ജയിക്കുമെന്ന പ്രതീക്ഷയുണ്ട് -അവർ കൂട്ടിച്ചേർത്തു.
രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിെൻറ പത്രികസമർപ്പണവും സൂക്ഷ്മപരിശോധനയും കഴിഞ്ഞ് പോരാട്ട ചിത്രം തെളിഞ്ഞപ്പോൾ ആറു മലയാളികൾ മത്സരരംഗത്തുണ്ട്. നഗരവികസന മന്ത്രി കെ.ജെ. ജോർജ് (സർവജ്ഞ നഗർ), ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദർ (മംഗളൂരു), വ്യവസായിയായ അനിൽകുമാർ (ബൊമ്മനഹള്ളി), പൊതുപ്രവർത്തകനായ ടി.ജെ. അബ്രഹാം (ബിദർ സൗത്ത്) എന്നിവരാണ് മറ്റു മലയാളി സ്ഥാനാർഥികൾ. മലയാളി ബന്ധമുള്ള മംഗളൂരുകാരനായ അബ്ദുൽ അസീസ് എന്ന അബ്ദുല്ല ഭായി മൈസൂരു നരസിംഹരാജ മണ്ഡലത്തിൽ ജെ.ഡി-എസ് സ്ഥാനാർഥിയായി മന്ത്രി തൻവീർസേട്ടിനെതിരെ മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
